കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ദ്വിദിന സന്നാഹ മല്‍സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവനെ നയിക്കുന്ന മലയാളി താരം സഞ്ജു വി സാംസണിന് സെഞ്ചുറി. തകര്‍പ്പന്‍ പ്രകടനവുമായി പുറത്താകാതെ നില്‍ക്കുന്ന സഞ്ജുവിന്റെ മികവില്‍ 57 ഓവറില്‍ നാലിന് 228 റണ്‍സ് എന്ന നിലയിലാണ് ബോര്‍ഡ് ഇലവന്‍. ഇന്ത്യയ്ക്ക് എതിരായ പരമ്പരയ്ക്ക് എത്തിയ ലങ്കയ്ക്ക് എതിരെ കൊല്‍ക്കത്തയിലാണ് ബോര്‍ഡ് ഇലവന്‍ പരിശീലന മത്സരം കളിച്ചത്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 411 നെതിരെ ബാറ്റ് വീശിയ ബോര്‍ഡ് ഇലവന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 261/5 എന്ന നിലയിലാണ്.

രണ്ട് വിക്കറ്റ് തുടക്കത്തിലേ നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തിലായ ബോര്‍ഡ് ഇലവനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് നായകന്റെ ഉത്തരവാദിത്തം ഉള്‍ക്കൊണ്ട് ബാറ്റ് വീശിയ സഞ്ജുവാണ്. 143 പന്ത് നേരിട്ട സഞ്ജു 128 റണ്‍സ് നേടി. 19 ഫോറും ഒരു സിക്‌സും സഞ്ജുവിന്റെ ഇന്നിംഗ്‌സിന് മിഴിവേകി. 63 പന്തിലാണ് സഞ്ചു അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ശ്രീലങ്കയുടെ ബൗളിംഗിന് മുന്നില്‍ ബോര്‍ഡ് ഇലവന്‍ ടീം പതറിയപ്പോഴാണ് നായകന്‍ ക്രീസിലെത്തിയത്. ഈ സമയത്ത് ജഗ്ജീവന്‍ സിംഗ് തീര്‍ത്തും പ്രതിരോധത്തിലേക്ക് ഒതുങ്ങിയാണ് ബാറ്റ് വീശിയത്. റണ്‍ കണ്ടെത്താനും, റണ്‍റേറ്റ് ഉയര്‍ത്താനും ശ്രമിച്ച സഞ്ജു ഒരു ഘട്ടത്തില്‍ 200 കടക്കില്ലെന്ന് തോന്നിച്ച ബോര്‍ഡ് ഇലവന്‍ സ്‌കോര്‍ 250 കടത്തി. ചായയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ സിക്‌സര്‍ പറത്തിയാണ് സഞ്ജു തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

കേരളതാരം സന്ദീപ് വാരിയര്‍ രണ്ടു വിക്കറ്റു നേടി. ടോസ് നേടിയ ബോര്‍ഡ് ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ശ്രീലങ്ക ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. സഞ്ജുവിനും സന്ദീപ് വാരിയര്‍ക്കും പുറമെ രോഹന്‍ പ്രേം, ജലജ് സക്‌സേന എന്നീ കേരള താരങ്ങളും ബോര്‍ഡ് പ്രസിഡന്റ് ഇലവനിലുണ്ട്.