X

സര്‍ദാര്‍ സിങിനും ദേവേന്ദ്ര ജജാരിയയ്ക്കും ഖേല്‍ രത്‌ന; പൂജാരയ്ക്ക് അര്‍ജുന

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാലിമ്പിക്‌സ് താരം ദേവേന്ദ്ര ജജാരിയക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. പി.ടി ഉഷയും വീരേന്ദര്‍ സെവാഗുമടങ്ങുന്ന സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ബോക്‌സിങ് താരം മനോജ് കുമാര്‍, പാരാലിമ്പിക്‌സ് മെഡല്‍ ജേതാക്കളായ ദീപ മാലിക്, മാരിയപ്പന്‍ തങ്കവേലു, വരുണ്‍ സിങ്ങ് ഭാട്ടി എന്നിവരെ പിന്തള്ളിയാണ് ഇരുവരും പുരസ്‌കാരം നേടിയത്. ചേതേശ്വര്‍ പൂജാര, ഹര്‍മന്‍പ്രീത് കൗര്‍ (ക്രിക്കറ്റ്), പ്രശാന്തി സിങ് (ബാസ്‌കറ്റ്‌ബോള്‍), എസ്.വി.സുനില്‍ (ഹോക്കി), വി.ജെ സുരേഖ (അമ്പയ്ത്ത്), കുഷ്ഭീര്‍ കൗര്‍, ആരോകിന്‍ രാജീവ് (അത്‌ലറ്റിക്‌സ്), ദേവേന്ദ്രോ സിങ് (ബോക്‌സിങ്), ഒയിനാം ബെംബം ദേവി (ഫുട്‌ബോള്‍), എസ്.എസ്.പി ചൗരസ്യ (ഗോള്‍ഫ്), ജസ് വീര്‍ സിങ് (കബഡി), പി.എന്‍ പ്രകാശ് (ഷൂട്ടിങ്), എ അമല്‍രാജ് (ടെബിള്‍ ടെന്നീസ്), സാകേത് മൈനേനി (ടെന്നീസ്), വരുണ്‍ ഭാട്ടി (പാരാലിമ്പിക്‌സ്). എന്നിവര്‍ അര്‍ജുന പുരസ്‌കാരത്തിനും അര്‍ഹരായി. അതേ സമയം, മലയാളി താരങ്ങള്‍ക്ക് ആര്‍ക്കും അര്‍ജുന അവാര്‍ഡില്ല. നീന്തല്‍ താരം സജന്‍ പ്രകാശിന് ഏറെ സാധ്യതകള്‍ കല്‍പിച്ചിരുന്നു. ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന് പുരസ്‌കാരം ലഭിച്ചില്ല. ബി.സി.സി.ഐ കേന്ദ്ര കായിക മന്ത്രാലയത്തിന് മിതാലിയുടെ പേര് നിര്‍ദേശിക്കാത്തതോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തായത്. 2014ല്‍ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ചത് സര്‍ദാര്‍ സിങ്ങായിരുന്നു. 2007ല്‍ ചെന്നൈയില്‍ നടന്ന ഏഷ്യാ കപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമംഗമായിരുന്നു ഹരിയാനക്കാരന്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടു വെള്ളിയും ചാമ്പ്യന്‍സ് ചലഞ്ചില്‍ ഒരു വെള്ളിയും ഹോക്കി വേള്‍ഡ് ലീഗില്‍ ഒരു വെങ്കലവും സര്‍ദാര്‍ സിങ്ങ് നേടിയിട്ടുണ്ട്. 2008ല്‍ സുല്‍ത്താന്‍ അസ്‌ലന്‍ഷാ കപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി തുടക്കം കുറിച്ച സര്‍ദാര്‍ സിങ്ങ് എട്ടു വര്‍ഷം ഇന്ത്യന്‍ ടീമിനെ നയിച്ചു. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഹോക്കി ക്യാപ്റ്റന്‍ എന്ന നേട്ടവും ഈ പ്രതിരോധ താരത്തിന്റെ പേരിലാണ്. പാരാലിമ്പിക്‌സില്‍ രണ്ട് തവണ സ്വര്‍ണ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരമാണ് ദേവേന്ദ്ര ജജാരിയ. രാജസ്ഥാന്‍ സ്വദേശിയായ ജജാരിയ 2004 ഏതന്‍സ് പാരാലിമ്പിക്‌സിലും 2006 റിയോ പാരാലിമ്പിക്‌സിലുമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ജാവലിന്‍ ത്രോയിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ നേട്ടം. ഏഷ്യന്‍ പാരാ ഗെയിംസില്‍ ഒരു വെള്ളിയും ഐ.പി.സി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും ജജാരിയയുടെ പേരിലുണ്ട്. രണ്ടു പാരലിംപിക്‌സുകളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലുള്ള ദേവേന്ദ്ര ജഗാരിയ, റിയോ പാരാലിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയിരുന്നു. പുരുഷന്മാരുടെ എഫ്46 വിഭാഗത്തില്‍ 62.15 മീറ്ററുമായി ആഥന്‍സ് പാരലിംപിപിക്‌സില്‍ (2004) സ്വര്‍ണം കണ്ടെത്തിയ ദേവേന്ദ്ര, റിയോയില്‍ 63.97 മീറ്റര്‍ കണ്ടെത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. രാജസ്ഥാന്‍ സ്വദേശിയായ ദേവേന്ദ്രക്ക് എട്ടാം വയസ്സില്‍ മരം കയറുന്നിതിനിടെ ഷോക്കേറ്റാണ് ഇടതു കൈ നഷ്ടമായത്. എന്നാല്‍, കായിക രംഗത്തെ തന്റെ സ്വപ്‌നങ്ങളിലേക്കു ഇരുകയ്യും വീശി നടന്നു കയറിയ ദേവേന്ദ്രയ്ക്ക് 2004ല്‍ അര്‍ജുന അവാര്‍ഡും 2012ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചിരുന്നു. പത്മശ്രീ നേടുന്ന ആദ്യ പാരലിംപിക് താരമെന്ന റെക്കോര്‍ഡും ദേവേന്ദ്ര കുറിച്ചു. ലിയോണില്‍ 2013ല്‍ രാജ്യാന്തര പാരലിംപിക് കമ്മിറ്റിയുടെ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ദേവേന്ദ്ര സ്വര്‍ണം നേടിയിട്ടുണ്ട്. 12 വര്‍ഷം മുന്‍പാണ് അവസാന പാരലിംപിക്‌സില്‍ പങ്കെടുത്തത്. 2008, 2012 വര്‍ഷങ്ങളില്‍ എഫ്46 വിഭാഗത്തില്‍ മല്‍സരം ഉണ്ടായിരുന്നില്ല.

chandrika: