കൊച്ചി: അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും കൊല്ലം അമൃതപുരി ആശ്രമത്തിലെ അന്തേവാസിയായിരുന്ന ബിഹാര്‍ സ്വദേശി സത്‌നാം സിങിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. മരണത്തിലെ ദൂരൂഹത നീക്കുവാനോ കുറ്റക്കാരെ ശിക്ഷിക്കുവാനോ പൊലീസിനും ക്രൈം ബ്രാഞ്ചിനും സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പിതാവ് ഹരീന്ദ്ര കുമാര്‍ സിങ് സങ്കട ഹര്‍ജി നല്‍കി. കേസ് വേഗം തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിനിടെ പലപ്പോഴും പൊട്ടിക്കരഞ്ഞ ഹരീന്ദ്ര കുമാര്‍ സിങിന് പലപ്പോഴും വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 2012 ഓഗസ്റ്റ് നാലിനാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് സത്‌നാം സിങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച നിവേദനത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ഹരീന്ദ്ര കുമാര്‍ സിങ് പറഞ്ഞു.
ലക്‌നൗവില്‍ നിയമ പഠനത്തിനിടയില്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ സത്‌നാം 2012 ഓഗസ്റ്റ് ഒന്നിനാണ് കൊല്ലം വള്ളിക്കാവ് അമൃതപുരി ആശ്രമത്തില്‍ എത്തുന്നത്. പിന്നീട് അമൃതാനന്ദമയിയെ ആക്രമിക്കുവാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സത്‌നാമിനെ പൊലിസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസ് ചാര്‍ജ് ചെയ്ത് കൊല്ലം ജില്ലാ ജയിലില്‍ എത്തിച്ചുവെങ്കിലും അവിടെ നടന്ന അക്രമങ്ങളുടെ പേരില്‍ ഓഗസ്റ്റ് 3ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പിറ്റേന്ന് സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ക്രൂരമായ മര്‍ദ്ദനമേറ്റാണ് സത്‌നാം മണത്തിലേക്ക് നീങ്ങിയതെന്ന് പോസ്റ്റൂമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സത്‌നാമിന്റെ മൃതദേഹത്തില്‍ 77 മുറിവുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ മുറിവുകള്‍ എവിടെവച്ച് സംഭവിച്ചതാണെന്ന വിവരങ്ങളൊന്നും പോലിസ് സമര്‍പ്പിച്ച എഫ്‌ഐആറിലില്ല. പിന്നീട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും മരണത്തിലെ ദുരൂഹതകള്‍ നീക്കുന്നതില്‍ പരാജയപ്പെട്ടെന്നും കേസ് സിബിഐക്ക് വിടണമെന്നും അദ്ദേഹം പറഞ്ഞു.

ഹരീന്ദ്രകുമാര്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി 2014ല്‍ ഫയലില്‍ സ്വീകരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പ്രാഥമിക വാദം നടന്നുവെങ്കിലും പിന്നീട് കേസ് അനന്തമായി നീളുകയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ വരെ 40 തവണയാണ് സ്തനാം കേസ് കോടതി മാറ്റിവച്ചത്. ഈ ഘട്ടത്തിലാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ സങ്കട ഹര്‍ജി നല്‍കിയത്.

വാര്‍ത്താസമ്മേളനത്തില്‍ സത്‌നാംസിങ്-നാരായണന്‍ കുട്ടി ഡിഫന്‍സ് കമ്മിറ്റി കണ്‍വീനര്‍ കെ.എം ബേബി, ഭാരവാഹികളായ എന്‍.ബി അജിതന്‍, അനില്‍കുമാര്‍, ഈസാബിന്‍ അബ്ദുല്‍ കരീം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.