അഷ്റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് മൂലം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി അയവ് വരുത്തി സഊദി പൂര്‍വസ്ഥിതിയിലേക്ക്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന ചരക്ക് ഗതാഗതം ഇന്നലെ മുതല്‍ പുനസ്ഥാപിച്ചു. നിയന്ത്രണത്തെ തുടര്‍ന്ന് വീടുകളില്‍ ഇരുന്നു ജോലി ചെയ്തിരുന്ന പൊതുമേഖലാ ജീവനക്കാര്‍ ഇന്ന് മുതല്‍ ഓഫീസുകളിലെത്തി ജോലി തുടങ്ങി. അവധിക്കാലം അവസാനിച്ച് സഊദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും വിദ്യാര്‍ഥികള്‍ വിര്‍ച്വല്‍ ക്‌ളാസുകളില്‍ തുടരും. ഓരോ മേഖലയിലും കൂടുതല്‍ ഇളവുകള്‍ നല്‍കി രാജ്യത്തെ പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സഊദി ഭരണകൂടം.

കോവിഡ് വ്യാപനം നിയന്ത്രിച്ചുവെങ്കിലും രാജ്യത്ത് മൊത്തത്തില്‍ ആയിരത്തോളം കേസുകള്‍ ഇപ്പോഴും റിപ്പോര്‍ട് ചെയ്യപ്പെടുന്നുണ്ട്. കൂടുതല്‍ വ്യാപനമുണ്ടായ പ്രധാന നഗരങ്ങളില്‍ ശാസ്ത്രീയമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ട് രോഗവ്യാപനം തടയുന്നതില്‍ ആരോഗ്യമന്ത്രാലയമുള്‍പ്പടെയുള്ള വിവിധ മന്ത്രാലയങ്ങള്‍ വിജയിച്ചു. ശനിയാഴ്ച വരെ 313911 പേര്‍ക്ക് കോവിഡ് ബാധിച്ചെങ്കിലും 288441 പേര്‍ക്ക് രോഗം ഭേദമായി.ഇതുവരെ 3840 പേര്‍ മരണപെട്ടു. രാജ്യത്തെ 205 പട്ടണങ്ങളിലാണ് രോഗവ്യാപനമുണ്ടായത്. 5063593 പേര്‍ക്ക് ടെസ്റ്റുകള്‍ നടത്തി. 1555 പേര്‍ ഇപ്പോഴും വിവിധ ഭാഗങ്ങളിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്.

ഇളവുകളുടെ ഭാഗമായി അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു വാഹനങ്ങള്‍ക്ക് സഊദിയിലൂടെ ട്രാന്‍സിറ്റ് ആയി മറ്റൊരു രാജ്യത്തേക്ക് കടന്നു പോകാനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ദിവസം സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി . മുന്‍കരുതലിന്റെ ഭാഗമായി സഊദി അതിര്‍ത്തികളില്‍ വെച്ച് ചരക്ക് വാഹനങ്ങളുടെ ജീവനക്കാരുടെ കോവിഡ് പരിശോധന നടത്തും. നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് വാഹനങ്ങളെ സഊദി വഴി കടന്നു പോകാനുള്ള അനുമതി നല്‍കുമെന്ന് സഊദി കസ്റ്റംസ് വിഭാഗം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാചര്യത്തിലാണ് രാഷ്ട്രീയ, സുരക്ഷാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചരക്ക് നീക്കം എളുപ്പത്തിലാക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്. അതേസമയം സഊദിയില്‍ നിന്ന് അന്യരാജ്യങ്ങളിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ക്ക് ആ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന പരിശോധനകള്‍ അത്തരം രാജ്യങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് സഊദി അതിര്‍ത്തിയിലും ഏര്‍പ്പെടുത്തും. നേരത്തെ കരാതിര്‍ത്തികള്‍ വഴി വിദേശങ്ങളിലുള്ള സഊദി പൗരന്മാരുടെ കുടുംബങ്ങള്‍ക്കും ഗാര്‍ഹിക ജോലിക്കാര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി രാജ്യത്തേക്ക് പ്രവേശനം നല്‍കിയിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളോളം വീട്ടിലിരുന്ന് ജോലി ചെയ്ത രാജ്യത്തെ പൊതുമേഖലാ ജീവനക്കാര്‍ ആഹ്ലാദത്തോടെയാണ് വീണ്ടും ജോലി സ്ഥലത്തെത്തിയത് . സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി മുന്നോട്ടുവെച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍, പ്രതിരോധ നടപടികള്‍, പ്രോട്ടോക്കോളുകള്‍ എന്നിവ പാലിച്ചുകൊണ്ടാണ് ജീവനക്കാര്‍ ഞായറാഴ്ച ജോലി സ്ഥലത്തേക്ക് മടങ്ങിയതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
എല്ലാ പൊതുമേഖലാ ജീവനക്കാരും ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിന് മന്ത്രാലയം ജോലി സമയത്തിലടക്കം നിരവധി നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ട്. പ്രാപ്തരായ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി തുടരാന്‍ സ്ഥാപന മേധാവികള്‍ക്ക് അനുമതി നല്‍കാം. എന്നാല്‍ വീട്ടില്‍ ജോലി നിര്‍വഹിക്കുന്ന ജീവനക്കാര്‍ മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 25 ശതമാനത്തില്‍ കവിയുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് ഈ മേഖലയിലുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.