ഹൈദരാബാദ്: പാമ്പാട്ടിയുടെ നിര്‍ദേശപ്രകാരം പാമ്പിനെ കഴുത്തിലിട്ട് സാഹസത്തിന് മുതിര്‍ന്ന യുവാവിന് പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം. ഇരുപത്തിനാലുകാരനായ ജഗദീശാണ് പാമ്പുകടിയേറ്റ് മരിച്ച്. സംഭവവുമായി ബന്ധപ്പെട്ട് പാമ്പാട്ടി രാമയ്യക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.

ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സംഭവം നടന്നത്. മുര്‍ഖനുമായി പാമ്പാട്ടി പ്രകടനം നടത്തുന്നതിനിടെയാണ് ജഗദീശ് സുഹൃത്തുക്കളുമായി അവിടെയെത്തിയത്. രാമയ്യ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ജഗദീശ് പാമ്പിനെ കഴുത്തിലിട്ടത്. ഇതിനിടെ പാമ്പ് ഇയാളെ കടിക്കുകയായിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് പാമ്പിന്റെ വിഷം നീക്കിയിരുന്നതാണെന്നും വിഷമില്ലെന്ന ധാരണയിലാണ് കഴുത്തിലിടാന്‍ നിര്‍ബന്ധിച്ചതെന്നും രാമയ്യ പറഞ്ഞു. രാമയ്യ മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.