പേരാമ്പ്ര: തെരഞ്ഞെടുപ്പ് പര്യടനത്തിന് പേരാമ്പ്ര സി.കെ.ജി ഗവ. കോളെജില്‍ എത്തിയ വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുളീധരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി പേരാമ്പ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മുളീധരന്‍.

പേരാമ്പ്ര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ചശേഷം മൂന്നുമണിയോടെ പേരാമ്പ്ര മേഴ്‌സി കോളേജില്‍ വിദ്യാര്‍ത്ഥികളെ കണ്ട ശേഷം സമീപത്ത് തന്നെയുള്ള സര്‍ക്കാര്‍ കോളേജില്‍ എത്തിയപ്പോഴാണ് തിരിച്ച് പോരേണ്ടി വന്നത്. കോളേജിന്റെ മുറ്റത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സെല്‍ഫി എടുക്കാന്‍ നിന്ന് കൊടുത്ത ശേഷം യു.ഡി.എഫ് ്രപവര്‍ത്തകര്‍ക്കും കെ.എസ്.യു നേതാക്കള്‍ക്കുമൊപ്പം കോളേജിലേക്ക് പ്രവേശിക്കുന്നതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗയ്റ്റ് അടക്കുകയും അകത്ത് കടന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. കൂടെയുള്ളവര്‍ ഗയ്റ്റ് തുറന്ന് മുരളീധരന്‍ കോളേജിന്റെ ഇടനാഴിയില്‍ പ്രവേശിച്ചെങ്കിലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗോവണിയില്‍ തടസ്സമായി നിന്ന് ജയരാജന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതോടെ കെ.എസ്.യു പ്രവര്‍ത്തകരും മുദ്രാവാക്യം വിളി തുടങ്ങി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സ്ഥാനാര്‍ത്ഥി തിരിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് എസ്.എഫ്.ഐ കെ.എസ്.യു പ്രവര്‍ത്തര്‍ തമ്മില്‍ മുദ്രാവാക്യം വിളി തുടരുകയാണ്.