നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് ആത്മഹത്യാശ്രമത്തിനിടെ മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് വീട് ഒരുക്കുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.

കോടതി ഉത്തരവു നടപ്പാക്കാന്‍ ഉത്തരവിട്ട മണ്ണില്‍ തന്നെ രാജന്റെ മൃതദേഹം സംസ്‌കരിച്ചു. രാജനു പിന്നാലെ മരിച്ച ഭാര്യ അമ്പിളിയെ ചൊവ്വാഴ്ച ഈ മണ്ണില്‍ത്തന്നെ സംസ്‌കരിക്കും. ഇരുവരുടെയും വേര്‍പാടോടെ മക്കളായ രാഹുലും രഞ്ജിത്തും അനാഥരായി. ഇരുവരുടെയും മരണത്തിന്റെ നടുക്കത്തിലാണ് പോങ്ങില്‍ ഗ്രാമം.

രാജനും കുടുംബവും താമസിക്കുന്ന വീട് കോടതി ഉത്തരവുമായി ഒഴിപ്പിക്കാനെത്തുമ്പോഴാണ് രാജന്‍ ഭാര്യ അമ്പളിയെ ചേര്‍ത്തുപിടിച്ച് പൊട്രോളൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. അയല്‍വാസിയുടെ പരാതിയില്‍ കോടതി ഒഴിപ്പിക്കാന്‍ ഉത്തരവിട്ട മണ്ണില്‍ അവസാനം രാജന് അന്ത്യവിശ്രമവും ഒരുക്കി. തന്റെ വസ്തു അയല്‍വാസിയുടെ പരാതിയില്‍ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട നടപടിയില്‍ പ്രതിഷേധിക്കാനും ഉത്തരവു നടപ്പിലാക്കാതിരിക്കാനും വേണ്ടിയാണ് രാജന്‍ ശരീരത്തില്‍ പെട്രോളൊഴിച്ചത്. തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന രാജന്‍ മരിച്ചതോടെ നാട്ടുകാരും ബന്ധുക്കളും അന്ത്യവിശ്രമമൊരുക്കിയത് കോടതി ഉത്തരവില്‍ ഒഴുപ്പിക്കാന്‍ ശ്രമിച്ച മണ്ണിലാണ്. ഇതിന് അടുത്തായി തന്നെ രാജനു പിന്നാലെ പൊള്ളലേറ്റു മരിച്ച ഭാര്യ അമ്പിളിക്കും അന്ത്യവിശ്രമം ഒരുക്കും.

ആശാരിപ്പണിക്കാരനായി രാജന്‍ വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ഇവിടെയാണ് താമസിക്കുന്നത്. ഇവരെയാണ് അയല്‍വാസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി ഒഴിപ്പിക്കാനായി ഉത്തരവിട്ടത്.

മക്കളായ രാഹുല്‍ പഠനശേഷം വര്‍ക്ക് ഷോപ്പില്‍ ജോലിക്കായി പോകുകയാണ്. രഞ്ജിത്ത് പ്ലസ്ടു പഠനശേഷം വീട്ടില്‍ നില്‍ക്കുകയാണ്. അച്ഛനും അമ്മയും മരിച്ചതോടെ രാഹുലിന്റെയും രഞ്ജിത്തിന്റെ ജീവിതം വഴിമുട്ടിയനിലയിലാണ്. കോടതി ഉത്തരവില്‍ എപ്പോള്‍ വേണമെങ്കിലും കൈവിട്ടുപോകാമെന്ന ചെറിയ വീട്ടില്‍ ഇവര്‍ അനാഥരായി കഴിയേണ്ടിവരും.

ഫെയ്‌സ്ബുക്ക് കുറിപ്പ്

അവന്റെ ഉറ്റവര്‍ ജീവനോടെയിരിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ നമ്മുക്ക് ആര്‍ക്കും സാധിച്ചില്ല . ആ കുറ്റബോധത്തോടെ തന്നെ ഇവര്‍ക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോണ്‍ഗ്രസ്സ് ഏറ്റെടുക്കുന്നു.