തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കിടെ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന്റെ വീഴ്ച വിവാദമാവുന്നു. ഇവരുടെ അയല്‍വാസിയായ സ്ത്രീയുടെ സ്വാധീനത്തിന് വഴങ്ങി പൊലീസ് അമിതാവേശം കാണിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം അച്ഛനെ മറമാടാന്‍ കുഴിയെടുത്ത മകനോടുള്ള പൊലീസിന്റെ മനുഷ്യത്വ രഹിതമായ സമീപനവും ചര്‍ച്ചയായിട്ടുണ്ട്. അച്ഛന്റെ മരണത്തില്‍ ആകെ തകര്‍ന്നിരിക്കുന്ന മകന്‍ കുഴിയെടുക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ടാ…ടാ…എന്ന് വിളിച്ചാണ് അവനെ സമീപിക്കുന്നത്. ഇനിയെന്റെ അമ്മ കൂടിയേ മരിക്കാനുള്ളൂ എന്ന മകന്റെ ദയനീയമായ വാക്കുകള്‍ക്ക് അതിന് ഞാനെന്ത് വേണമെന്നായിരുന്നു ധാര്‍ഷ്ട്യത്തോടെയുള്ള പൊലീസിന്റെ മറുചോദ്യം.

രാജനും കുടുംബവും താമസിക്കുന്ന വീട് കോടതി വിധിയുടെ ബലത്തില്‍ ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജനും ഭാര്യയും ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണിമുഴക്കിയത്. എന്നാല്‍ അമിതാവേശം കാണിച്ച പൊലീസ് ലൈറ്റര്‍ തട്ടിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ തീ പടര്‍ന്നതാണെന്ന് രാജന്റെ മരണമൊഴിയില്‍ പറയുന്നുണ്ട്.