നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് ആത്മഹത്യാശ്രമത്തിനിടെ മരിച്ച രാജന്റെയും അമ്പിളിയുടെയും മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പ്രതികരണവുമായി പികെ ഫിറോസ്. ‘ഈ കൈവിരല്‍ നീളുന്നത് സ്വന്തം അച്ഛന്റെയുംഅമ്മയുടെയും ഘാതകര്‍ക്ക് നേരെയാണ്. കിടപ്പാടം നിഷേധിച്ച ഭരണകൂടത്തിനെതിരാണ്. ‘ലൈഫില്‍’ നിന്ന് കോടികള്‍ അടിച്ചു മാറ്റാന്‍ അവസരമൊരുക്കിയപ്പോള്‍ ഇതു പോലെ എത്ര പേരുടെ ലൈഫാണ് നിങ്ങള്‍ ഇല്ലാതാക്കിയത് സര്‍ക്കാറേ?’ പികെ ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വീടൊഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും മുന്നിലാണ് രാജന്‍ ആത്മഹത്യാശ്രമം നടത്തിയത്. പെട്രോള്‍ ശരീരത്തിലൂടെ ഒഴിച്ച രാജന്‍ ലൈറ്റര്‍ കത്തിക്കാനോങ്ങിയതിനിടെ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. വയറിന്റെ ഭാഗത്ത് ഗുരുതര പൊള്ളലേറ്റ രാജന്‍ രാവിലെയും ഭാര്യ അമ്പിളി വൈകുന്നേരത്തോടെയുമാണ് മരിച്ചത്.

അമ്മയും കൂടി പോയാല്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മക്കള്‍ പറയുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇക്കഴിഞ്ഞ 22ാം തിയതിയാണ് ആത്മഹത്യാശ്രമം ഉണ്ടായത്. താന്‍ തീ കൊളുത്തിയില്ലെന്നും, മരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരന്‍ ലൈറ്റര്‍ കൈ കൊണ്ട് തട്ടിമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും രാജന്‍ ആശുപത്രിയില്‍ വച്ച് മൊഴി നല്‍കിയിരുന്നു.