മുംബൈ: ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയതിന് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പെടെ എട്ടുപേരെ കഴിഞ്ഞ ദിവസം നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പിടികൂടിയിരുന്നു. കപ്പലില്‍ നിന്ന് കൊക്കെയ്ന്‍, ഹാഷിഷ് ഉള്‍പെടെയുള്ള ലഹരി ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ആര്യന്‍ ഖാനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. നടിയും മോഡലുമായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരും താരപുത്രനോടൊപ്പം കുരുക്കിലായിട്ടുണ്ട്.

സംഭവം ദേശീയ തലത്തില്‍ വലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയിരിക്കുന്നത്. ഈ അവസരത്തില്‍ ഷാരൂഖ് ഖാന്റെ് പഴയ ഒരു വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ് വിമര്‍ശകര്‍. ആര്യന്‍ കുഞ്ഞായിരിക്കുമ്പോള്‍ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനുമായി സിമി അഗര്‍വാള്‍ നടത്തിയ അഭിമുഖത്തിലാണ് താരം മകനെ കുറിച്ച്‌ ഉത്തരവാദിത്വമില്ലാതെ ചില പരാമര്‍ശങ്ങള്‍ നടത്തിയത്.

അതിങ്ങനെയാണ്; ‘ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്, അവന് പെണ്‍കുട്ടികളുടെ പിന്നാലെ നടക്കാം, ഇഷ്ടം പോലെ പുകവലിക്കാം, മയക്കുമരുന്നും ഉപയോഗിക്കാമെന്ന്.’ ആര്യന്‍ കുഞ്ഞായിരിക്കെ പറഞ്ഞ ആ വാക്കുകള്‍ അറംപറ്റി ഇപ്പോള്‍ താരത്തെ തന്നെ തിരിഞ്ഞു കൊത്തിയിരിക്കുന്നു. അന്ന് തമാശക്ക് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സത്യമായെന്ന് പറഞ്ഞ് നിരവധി പേരാണ് ഈ വീഡിയോ പങ്കുവക്കുന്നത്.