മലയാളി പത്ര പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനോട് യു.പി. സര്‍ക്കാര്‍ കാണിക്കുന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ. സലാം. ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് അദ്ദേഹത്തിന്റ മോചനം സാധ്യമാക്കണമെന്നും മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.

സിദ്ദീഖ് കാപ്പന്റെ വസതിയില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പി.എം.എ സലാം. യാതൊരു കാരണവും കാണിക്കാതെയും കുറ്റങ്ങള്‍ ആരോപിക്കപ്പെടാതെയുമാണ് സിദ്ദീഖിനെ അറസ്റ്റ്‌ചെയ്തു പീഡിപ്പിക്കുന്നത്. ഇത് തികഞ്ഞ മനുഷ്യാവകാശലംഘനമാണ്. ജയിലില്‍ വെച്ച് രോഗബാധിതനായ അദ്ദേഹം കോവിഡ് ആശുപത്രിയില്‍
ആവശ്യത്തിന് ചികിത്സയോ മരുന്നോ ലഭിക്കാതെ പ്രയാസപ്പെടുന്നു. ഈ റംസാനില്‍ മതിയായ ഭക്ഷണം പോലും ലഭ്യമാകുന്നില്ലെന്നതാണ് വിവരം.

ഒരു മലയാളി പത്രപ്രവര്‍ത്തകനു നേരെയുള്ള ഈ കടുത്ത അനീതിക്കെതിരെ ശബ്ദിക്കാനുംശക്തമായ ഇടപെടലുകള്‍ നടത്താനും
മുഖ്യമന്ത്രി തയ്യാറാകണം. യു.പിയിലെ പ്രതിപക്ഷ നേതാക്കളെയും കേരളത്തിലെ എം.പിമാരെയും ഏകോപിപ്പിച്ച് ഇക്കാര്യത്തില്‍ ശക്തമായ ഇടപ്പെടലുകള്‍ നടത്തുന്ന ഇ.ടി. മുഹമ്മദ്ബശീര്‍ എം.പി.യുടെ ശ്രമങ്ങള്‍ക്ക് സിദ്ദീഖിന്റെ ഭാര്യയും
കുട്ടികളും നന്ദി അറിയിച്ചതായും
സലാം പറഞ്ഞു