ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും നല്‍കിയ പുനഃപരിശോധന ഹര്‍ജിയാണ് കോടതി തള്ളിയത്.

ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച കേരള ഹൈക്കോടതി വിധി സുപ്രീം കോടതി നേരത്തെ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കോടതി പുനഃപരിശോധന ഹരജിയും തള്ളിയതോടെ ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പായി.
എന്തുകൊണ്ട് ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ കാട്ജുവും സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും കോടതിയില്‍ വിശദീകരണം നല്‍കി. എന്നാല്‍ ഇരുവരുടെയും വാദം കേട്ടശേഷം ഹര്‍ജി പുനഃപരിശോധിക്കാന്‍ തക്ക കാരണങ്ങളൊന്നും കോടതിക്ക് മുമ്പിലെത്തിക്കാന്‍ സാധിച്ചില്ലെന്ന് നിരീക്ഷിച്ച കോടതി പുനഃപരിശോധന ഹര്‍ജി അംഗീകരിക്കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് ഹര്‍ജി തള്ളുകയാണെന്ന് പ്രസ്താവിച്ച കോടതി, പൊതുജനമധ്യത്തില്‍ കോടതിയെയും ജഡ്ജിമാരെയും അപമാനിച്ചതിന് കാട്ജുവിനെതിരെ കേസെടുക്കാനും ഉത്തരവിട്ടു.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ കോടതി വിധിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനും കോടതിയെ വിമര്‍ശിച്ചതിനുമാണ് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കൂടിയായ മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

katju-story-facebook_647_081216091906ഇതോടെ കോടതി നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. വിധി പ്രസ്താവിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുമായി കോടതി ഹാളിലുണ്ടായിരുന്ന കട്ജു വാക്കേറ്റത്തിന് മുതിര്‍ന്നു. ഇത്തരം നടപടികളെ താന്‍ ഭയക്കുന്നില്ലെന്നും ജഡ്ജിമാരെ താനല്ല, തന്നെ ജഡ്ജിമാരാണ് അപമാനിക്കാന്‍ ശ്രമിക്കുന്നതെന്നും കട്ജു കുറ്റപ്പെടുത്തി. വിധിയെ വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരമുണ്ടെന്നും കട്ജു വ്യക്തമാക്കി.

എന്നാല്‍ കോടതി വിധിയെ അല്ല വിധി പറഞ്ഞ മൂന്ന് ജഡ്ജിമാരേയാണ് കട്ജു തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ചതെന്ന് കട്ജുവിനുള്ള മറുപടിയായി ജസ്റ്റിസ് ഗൊഗോയി പറഞ്ഞു. കട്ജുവിനെ കോടതിയില്‍നിന്ന് പുറത്തേക്കു കൊണ്ടു പോകാനായി കോടതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരോടും ജഡ്ജി ഉത്തരവിടുകയുമുണ്ടായി.