Connect with us

Video Stories

ശ്രീശാന്തിന്റെ വിലക്ക് നീക്കല്‍; ബിസിസിഐ ചര്‍ച്ച ചെയ്‌തേക്കും

Published

on

കൊച്ചി: ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയതോടെ ശ്രീശാന്തിന് ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ കഴിയുമോയെന്ന ചര്‍ച്ചകള്‍ സജീവമാകുന്നു. ഇന്ന് മുംബൈയില്‍ ചേരുന്ന ബിസിസിഐയുടെ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ ശ്രീശാന്തിന്റെ വിലക്ക് കോടതി നീക്കിയ കാര്യവും ചര്‍ച്ചയാകാനാണ് സാധ്യത. അപ്രതീക്ഷിതമായി കോടതി വിധിയുണ്ടായതിനാല്‍ ഈ വിഷയം യോഗം അടിയന്തിരമായി ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് ബിസിസിഐയുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോടതി വിധി വന്ന് രണ്ടു ദിവസം കഴിഞ്ഞെങ്കിലും ബിസിസിഐ ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. സുപ്രീംകോടതി നിയോഗിച്ച പുതിയ ഭാരവാഹികളില്‍ നിന്നു നീതി ലഭിക്കുമെന്നു പ്രതീക്ഷയിലാണ് ശ്രീശാന്ത്.
നേരത്തെ കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് നീക്കാതെ ബിസിസിഐ കടുംപിടുത്തം തുടര്‍ന്നപ്പോള്‍ സുപ്രീംകോടതി നിയോഗിച്ച പുതിയ ഭാരവാഹികളെ കൂടി കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ശ്രീശാന്ത് അപേക്ഷ നല്‍കിയിരുന്നു. ശ്രീശാന്തിന്റെ അപേക്ഷ പരിഗണിച്ച് ബിസിസിഐയുടെ നിലവിലെ പ്രസിഡന്റ് വിനോദ് റായിയെയും മറ്റു മൂന്നംഗങ്ങളെയും ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കുകയും ചെയ്തിരുന്നു. ഇവരുടെ നിലപാട് ശ്രീശാന്തിന്റെ തിരിച്ചു വരവിന്റെ കാര്യത്തില്‍ നിര്‍ണായകമാവും. ശ്രീശാന്തിനെ വീണ്ടും കളിപ്പിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം തന്നെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അനൂകൂലമായ നിലപാടുമായി രംഗത്തെത്തിയിരുന്നു.
ഇക്കാര്യത്തില്‍ വ്യക്തത തേടി ബിസിസിഐ ഭാരവാഹികളുമായി സംസാരിച്ചിട്ടുണ്ടെന്ന് കെ.സി.എ ജനറല്‍ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് പറഞ്ഞു. ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ക്രിക്കറ്റ് ഓപറേഷന്‍ ജനറല്‍ മാനേജര്‍ ഡോ. എം.വി ശ്രീധര്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലുള്ള ബിസിസിഐയുടെ ഇടക്കാല പ്രസിഡന്റ് വിനോദ് റായിക്ക് തുടര്‍ നിലപാട് ആരാഞ്ഞ് ഇമെയില്‍ അയച്ചിട്ടുണ്ടെന്നും ജയേഷ് ജോര്‍ജ്ജ് പറഞ്ഞു.
തിരിച്ചു വരവുമായി ബന്ധപ്പെട്ട് കെ.സി.എ ഭാരവാഹികള്‍ ശ്രീശാന്തുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ബി.സി.സി.ഐ അനുകൂല നിലപാട് സ്വീകരിച്ചാല്‍ അടുത്ത മാസം രണ്ടിന് തുടങ്ങുന്ന കൂച്ച് ബിഹാര്‍ ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ ശ്രീശാന്തിന് കേരള ടീമിലെത്താനുള്ള അവസരമൊരുങ്ങും. ഇക്കാര്യത്തില്‍ കെസിഎ ഭാരവാഹികള്‍ക്ക് പുറമെ സെലക്ടര്‍മാര്‍ക്കും അനുകൂല നിലാപാടാണുള്ളത്. കാര്യങ്ങള്‍ അനുകൂലമായാല്‍ വരുന്ന രഞ്ജി ട്രോഫി ടൂര്‍ണമെന്റിലും ശ്രീശാന്തിന് കളിക്കാനാവും.
ഈ ടൂര്‍ണമെന്റുകളില്‍ മികവ് കാട്ടിയാല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താമെന്നാണ് ശ്രീശാന്തിന്റെ പ്രതീക്ഷ. ക്രിക്കറ്റില്‍ വിലക്കുള്ളപ്പോഴും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ശ്രീശാന്ത് ശ്രമിച്ചിരുന്നു. ഗ്രൗണ്ടുകളില്‍ വിലക്കുള്ളതിനാല്‍ വീട്ടില്‍ തന്നെ നെറ്റ് പ്രാക്ടീസിനുള്ള സംവിധാനമൊരുക്കി സ്വയം പരിശീലനത്തിനും സമയം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മെയിലാണ് ഡല്‍ഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീശാന്തിനൊപ്പം അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ താരങ്ങളും അറസ്റ്റിലായി. തുടര്‍ന്ന്, മൂവരെയും ക്രിക്കറ്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത ബിസിസിഐ, അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍, പട്യാല സെഷന്‍സ് കോടതി 2015 ജൂലൈയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചെങ്കിലും വിലക്ക് നീക്കാതെ ബിസിസിഐ കടുംപിടുത്തം തുടര്‍ന്നു.
ഇതേ തുടര്‍ന്നാണ് വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ശ്രീശാന്ത് കേരള ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജി തീര്‍പ്പാക്കിയ കോടതി ശ്രീശാന്തിന്റെ വിലക്ക് പൂര്‍ണമായും നീക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് കനത്തചൂട് തുടരുന്നു, കരുതിയിരിക്കണം മഞ്ഞപ്പിത്തവും ചിക്കൻപോക്‌സും

ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗംപടരാനും സാധ്യതകൂടുതലാണ്.

Published

on

സംസ്ഥാനത്ത് പതിവിലുംനേരത്തേ ചൂട് കൂടിത്തുടങ്ങി. കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞദിവസങ്ങളിലും പല ജില്ലകളിലും ചൂട് കൂടുതലായിരുന്നു. ഇത്തരത്തില്‍ ചൂട് കൂടുമ്പോള്‍ ആരോഗ്യത്തിലും ശ്രദ്ധവേണം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ശരീരത്തെ ബാധിക്കും. ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗംപടരാനും സാധ്യതകൂടുതലാണ്. പനിക്ക് പുറമെ മഞ്ഞപ്പിത്തം, വയറിളക്കം, ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങളെല്ലാം കൂടാം.

മഞ്ഞപ്പിത്തം

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. മഞ്ഞപ്പിത്തം(വൈറല്‍ ഹെപ്പറ്റൈറ്റിസ്-എ) പലപ്പോഴും മലിനമായ വെള്ളത്തിലൂടെയാണ് പകരുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്നാണ് മറ്റുള്ളവരിലേക്കെത്തുന്നത്. പനി, ഛര്‍ദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞനിറം എന്നിവയാണ് ലക്ഷണങ്ങള്‍. വയറിളക്കമാണെങ്കിലും ശുദ്ധമല്ലാത്ത ഭക്ഷണം-വെള്ളം എന്നിവയിലൂടെ പിടിപെടും.

ചൂടുകൂടുന്നതിനനുസരിച്ച് കിണറുള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലെ വെള്ളം കുറയാന്‍തുടങ്ങും. പലയിടത്തും വെള്ളം മലിനമാകും. വലിയ ആഘോഷങ്ങളിലും പരിപാടികളിലും വിതരണം ചെയ്യുന്ന വെള്ളം എപ്പോഴും തിളപ്പിച്ചാറ്റിയതാവണമെന്നില്ല. അതിനാല്‍ തന്നെ പരമാവധി സുരക്ഷയുറപ്പാക്കിമാത്രമേ അത്തരത്തിലുള്ള സ്ഥലങ്ങളില്‍നിന്ന് പാനീയങ്ങള്‍ കുടിക്കാവൂവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ശരീരത്തില്‍ രോഗാണു പ്രവേശിച്ചു കഴിഞ്ഞ് 2-7 ആഴ്ചയ്ക്കകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ ചികിത്സിക്കണം.

ശ്രദ്ധിക്കേണ്ടവ

എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കാം. കൊഴുപ്പ്, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം. ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം ഉള്‍പ്പെടുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ത്ത് കുടിക്കരുത്. കിണര്‍വെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കണം. കിണറും സെപ്റ്റിക് ടാങ്കും തമ്മില്‍ നിശ്ചിത അകലം ഉണ്ടായിരിക്കണം. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കണം. അത്തരം പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കുക. ഭക്ഷണം തയ്യാറാക്കുന്നതിന് മുന്‍പും ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുന്‍പും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റ് എങ്കിലും തിളപ്പിച്ചതായിരിക്കണം. തുറന്നുവെച്ച ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കണം. മദ്യപാനവും പുകവലിയും ഒഴിവാക്കണം.

ചിക്കന്‍പോക്‌സ്;
ലക്ഷണങ്ങളും പ്രതിരോധവും

ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, തൊലിപ്പുറത്ത് ചുകപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗബാധയുടെ ലക്ഷണങ്ങള്‍. ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകളാണ് പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നത്. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം. വായിലെയും ജനനേന്ദ്രിയ നാളിയിലെയും ശ്ലേഷ്മ സ്തരങ്ങളിലും കുമിളകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. അവ പിന്നീട് പൊറ്റകളായി മാറുകയും ഏഴ്-10 ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകള്‍ ഉണ്ടാകുന്ന സമയംവരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

വരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്‌സിന് കാരണം. രോഗിയുടെ ശരീരത്തിലെ കുമിളകളില്‍നിന്നുള്ള ദ്രാവകങ്ങളില്‍നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയുമാണ് അണുബാധ പകരുന്നത്.

ചിക്കന്‍പോക്‌സ് വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം 10-21 ദിവസമാണ്. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പുതൊട്ട് 58 ദിവസംവരെ അണുക്കള്‍ പകരാനുള്ള സാധ്യത യുണ്ട്. പരീക്ഷ എഴുതുന്ന ചിക്കന്‍ പോക്‌സ് ബാധിച്ച കുട്ടികള്‍ക്ക് വായു സഞ്ചാരമുള്ളതും സൂര്യപ്രകാശമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കണം. ചിക്കന്‍പോക്‌സ് ബാധിച്ച കുട്ടികള്‍ പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ പൊതു ഗതാഗതം ഉപയോഗിക്കരുത്.

 

Continue Reading

crime

84000 രൂപ കൈക്കൂലിയുമായി പിടിയിലായപ്പോള്‍ പൊട്ടിക്കരഞ്ഞ എഞ്ചിനീയറുടെ വീട്ടില്‍ 4 കിലോ സ്വര്‍ണവും 65 ലക്ഷം രൂപയും

തെലങ്കാന ട്രൈബല്‍ വെല്‍ഫെയര്‍ എന്‍ജീനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ എക്‌സിക്യൂട്ടീവ് എന്‍ജീനിയറായ കെ. ജഗ ജ്യോതിയെയാണ് 84000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.

Published

on

കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാരുദ്യോഗസ്ഥയെ ആന്റി കറപ്ക്ഷന്‍ ബ്യൂറോ കൈയ്യോടെ പിടികൂടി. തെലങ്കാനയിലാണ് സംഭവം നടന്നത്. തെലങ്കാന ട്രൈബല്‍ വെല്‍ഫെയര്‍ എന്‍ജീനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ എക്‌സിക്യൂട്ടീവ് എന്‍ജീനിയറായ കെ. ജഗ ജ്യോതിയെയാണ് 84000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.

ജഗ ജ്യോതി കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയുമായി ഒരാള്‍ ആന്റി കറപ്ക്ഷന് ബ്യൂറോയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവരെ കൈയ്യോടെ പിടികൂടിയത്.

ഇവരുടെ വീട്ടിലും പൊലീസ്‌ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ 65 ലക്ഷം രൂപയും 4 കിലോ സ്വര്‍ണ്ണവും കണ്ടെത്തി. രണ്ട് കോടിയിലധികം മൂല്യം വരും ഇവയ്ക്ക്. നിയമവിരുദ്ധമായാണ് ഇവര്‍ ഇത്രയധികം സ്വത്ത് സമ്പാദിച്ചതെന്നും പൊലീസ്‌
പറഞ്ഞു.

ഫിനോഫ്തലീന്‍ ലായനി പരിശോധനയിലൂടെയാണ് ജഗ ജ്യോതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. കെ. ജഗ ജ്യോതി അനര്‍ഹമായ പണം നേടാന്‍ ഔദ്യോഗിക പദവിയിലിരുന്ന് സത്യസന്ധതയില്ലാതെ പ്രവര്‍ത്തിച്ചുവെന്നും ആന്റി കറപ്ക്ഷന്‍ ബ്യൂറോ പറഞ്ഞു.

Continue Reading

india

പുഴയിൽ മീൻ പിടിക്കുന്നതിനിടെ യുവാവിന്റെ കാൽ കടിച്ചെടുത്ത് സ്രാവ്; രക്തം വാർന്ന് കുഴഞ്ഞുവീണു

പാല്‍ഘര്‍ ജില്ലയിലാണ് സംഭവം.

Published

on

മഹാരാഷ്ട്രയില്‍ ഉള്‍ക്കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് നേരെ സ്രാവിന്റെ ആക്രമണം. ചുറ്റും വട്ടമിട്ട് കറങ്ങിയ സ്രാവ് മത്സ്യത്തൊഴിലാളിയുടെ ഇടതുകാല് കടിച്ചെടുത്തു. രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. വിക്കി ഗൗരിയാണ് സ്രാവിന്റെ ആക്രമണത്തിന് ഇരയായത്. മറ്റു മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം മീന്‍ പിടിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്രാവ് യുവാവിനെ ആക്രമിച്ചത്. സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഇടതുകാലില്‍ മുട്ടിന് താഴെയാണ് വിക്കിക്ക് നഷ്ടമായത്.

രക്തം വാര്‍ന്നൊഴുകിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ വിക്കിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പ്രദേശത്ത് തടിച്ചുകൂടി. സ്രാവിന്റെ ആക്രമണം നാട്ടുകാര്‍ക്ക് ഇടയില്‍ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ പിടികൂടി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ സ്രാവുകള്‍ ഉണ്ടോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍.

Continue Reading

Trending