kerala

‘ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ല’; ആശാ വര്‍ക്കേഴ്‌സ്

By webdesk17

February 27, 2025

സര്‍ക്കാര്‍ കുടിശിക തീര്‍ത്തു നല്‍കിയത് സമരം നടത്തിയതിന്റെ വിജയമാണെന്ന് ആശാ വര്‍ക്കേഴ്‌സ്. കുടിശികയും ഇന്‍സെന്റീവും നല്‍കിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വര്‍ക്കേഴ്‌സ് പറഞ്ഞു.

ആശാവര്‍ക്കര്‍മാര്‍ക്ക് ജനുവരിയിലെ ഓണറേറിയമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇന്‍സന്റീവും അനുവദിച്ചു. കുടിശിക പൂര്‍ണമായും നല്‍കാനുള്ള തുക ഇതോടെ അനുവദിച്ചു.

ഒരു വിഭാഗം ആശാ വര്‍ക്കര്‍മാര്‍ ദിവസങ്ങളായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ കുടിശിക കൊടുത്തു തീര്‍ത്തത്. മൂന്നു മാസത്തെ കുടിശിക അനുവദിക്കണമെന്നതായിരുന്നു സമരക്കാരുടെ ഒരു ആവശ്യം.

സമരം തുടങ്ങുമ്പോള്‍ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള ഓണറേറിയം ആണ് കിട്ടാനുണ്ടായിരുന്നത്. സമരം തുടങ്ങി പതിനഞ്ചാം ദിവസമാണ് ആദ്യ രണ്ടു മാസത്തെ കുടിശിക നല്‍കിയത്. ഓണറേറിയം പ്രതിദിനം 700 രൂപയായി വര്‍ധിപ്പിക്കുക, 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശാ വര്‍ക്കര്‍മാര്‍ മുന്നോട്ടുവയ്ക്കുന്നത്.