ന്യൂഡല്‍ഹി: ഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ അറിയിച്ചുവെന്ന വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തലിനു പിന്നാലെ കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. മല്യക്കു രക്ഷപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ ലുക്ക്ഔട്ട് നോട്ടീസ് ഭേദഗതി ചെയ്തതായി അദ്ദേഹം ആരോപിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ലക്ഷ്യമിട്ട് ട്വിറ്ററിലാണ് സുബ്രഹ്മണ്യന്‍ സ്വാമി വിവാദത്തിന് തുടക്കമിട്ടത്.

വിജയ് മല്യ നാടുവിടുമ്പോള്‍ രാജ്യസഭ എം.പിയായിരുന്നു. അദ്ദേഹത്തിനെതിരെ സിബിഐയുടെ ലുക്ക്ഔട്ട് നോട്ടീസ് നിലവിലുണ്ടായിരുന്നു. എന്നാല്‍ 2016 മാര്‍ച്ച് രണ്ടിന് ഡല്‍ഹി വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വേസ് വിമാനത്തില്‍ കയറാനെത്തിയ സമയത്ത് മല്യയുടെ പേരിലുള്ള ലുക്ക് ഔട്ട് നോട്ടീസ് ഭേദഗതി ചെയ്ത നിലയിലായിരുന്നു ഉണ്ടായിരുന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.

മല്യയെ തടയണമെന്ന് വ്യക്തമായി നോട്ടീസ് എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന രീതിയിലേക്ക് മാറിയെന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.