ഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വിചാരണ കോടതി ജഡ്ജിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ ആരോപണം ഉന്നയിക്കാന്‍ പാടില്ലായിരുന്നു എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വിചാരണ കോടതി മാറ്റണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ വിചാരണ കോടതി മാറ്റാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാധ്യമ ശ്രദ്ധ നേടിയ കേസ് ആണിത്. അതിനാല്‍ ജഡ്ജിക്ക് സമ്മര്‍ദ്ദം ഉണ്ടയേക്കാം. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ ജഡ്ജിക്ക് എതിരെയോ, വിചാരണ കോടതിക്ക് എതിരെയോ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്നും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.

അതേസമയം പുതിയ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി സമയം അനുവദിച്ചു. നിലവിലെ പബ്ലിക് പ്രോസിക്യുട്ടര്‍ രാജിവച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രീം കോടതിയെ അറിയിച്ചു.