Culture

ചിദംബരത്തെ തിഹാറില്‍ അയക്കരുതെന്ന് സുപ്രീം കോടതി; ഇടക്കാല ജാമ്യത്തിന് വിചാരണകോടതിയെ സമീപിക്കാം

By chandrika

September 02, 2019

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് സുപ്രീംകോടതി. ചിദംബരത്തിന് ഇടക്കാല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. വിചാരണ കോടതിയുടെ റിമാന്‍ഡ് ഉത്തരവിനെതിരെ ചിദംബരം നല്‍കിയ ഹര്‍ജിയിലാണ്, ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.

ഇടക്കാല ജാമ്യം ഉള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ക്കായി ചിദംബരം വിചാരണക്കോടതിയെ തന്നെ സമീപിക്കണം. വിചാരണക്കോടതി ഇടക്കാല ജാമ്യം നിഷേധിക്കുന്നപക്ഷം ചിദംബരത്തിന്റെ കസ്റ്റഡി മൂന്നു ദിവസം കൂടി നീട്ടിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. ചിദംബരം നല്‍കിയ മറ്റു ഹര്‍ജികളില്‍ വ്യാഴാഴ്ച വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. വ്യാഴാഴ്ചക്കകം മറുപടി അറിയിക്കാന്‍ സിബിഐക്ക് കോടതി നിര്‍ദേശം നല്‍കി.