തിരുവനന്തപുരം: ബെംഗളൂരു ലഹരിമരുന്നു കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ താര സംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ട കാര്യമില്ലെന്ന് സുരേഷ് ഗോപി എംപി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂജപ്പുര വാര്‍ഡ് സ്ഥാനാര്‍ഥി വി.വി.രാജേഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

അന്വേഷണം നടക്കട്ടെ, കുറ്റവാളി ആരെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തും. അതിനുശേഷം എന്തു നടപടി സ്വീകരിക്കണമെന്നു സംഘടന തീരുമാനിക്കും. എടുത്തു ചാടിയെടുത്ത പല തീരുമാനങ്ങളും വിവാദമാവുകയും പിന്നീട് തിരുത്തുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

ബിനീഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത് കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ബിനീഷിനെ പുറത്താക്കുന്നതിനെതിരെ ഇടത് എംഎല്‍എമാരായ ഗണേഷ് കുമാറും മുകേഷും രംഗത്ത് വന്നിരുന്നു.