പട്‌ന: ബിജെപി വണ്‍വേ ട്രാഫിക്കിന് സമാനമാണെന്നും പാര്‍ട്ടി വിടുന്നവര്‍ക്ക് സമാധാനത്തോടെ ജീവിക്കാനാകില്ലെന്നും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ബിഹാറില്‍നിന്നുള്ള രാജ്യസഭ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാണ് സുശീല്‍കുമാര്‍ മോദി.

ഞങ്ങളുടെ പാര്‍ട്ടി ബിജെപി വണ്‍വേ ട്രാഫിക്ക് പോലെയാണ്. നിങ്ങള്‍ക്ക് ഇവിടേക്ക് വരാം. പക്ഷെ ഇവിടെനിന്ന് പോകാനാകില്ല. ബി.ജെ.പി. വിടുന്നവര്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ല. ബിഹാര്‍ സര്‍ക്കാരില്‍ ഭാഗമല്ല. എങ്കിലും തന്റെ ആത്മാവ് നിലവിലെ സര്‍ക്കാരില്‍ വസിക്കുന്നുണ്ടെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു. പാര്‍ട്ടിയെ ഒരിക്കലും ദുര്‍ബലമാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന രാം വിലാസ് പസ്വാന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ബിഹാറില്‍ രാജ്യസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് സുശീല്‍ കുമാര്‍ മോദിയുടെ സ്ഥാനാര്‍ഥിത്വം ബിജെപി പ്രഖ്യാപിച്ചത്. ഡിസംബര്‍ 14നാണ് ഉപതെരഞ്ഞെടുപ്പ്.