kerala

മഴ കനക്കുന്നു; 9 നദികളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത

By webdesk18

May 27, 2025

സംസ്ഥാനത്ത് മഴ ശക്തമായതിനാല്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദുരന്തനിവാരണ അതോറിറ്റി. കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, കോട്ടയം ജില്ലയിലെ മീനച്ചില്‍, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ചും, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, വയനാട് ജില്ലയിലെ കബനി തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ, കാസറഗോഡ് ജില്ലയിലെ ഉപ്പള എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനാല്‍ സംസ്ഥാന ജലസേചന വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷന്‍, കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, പത്തനംതിട്ട ജില്ലയിലെ അച്ഛന്‍ കോവില്‍ നദിയിലെ കല്ലേലി സ്റ്റേഷന്‍, കോന്നി GD സ്റ്റേഷന്‍ , മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ നദിയിലെ തിരുവേഗപ്പുര സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കൊള്ളിക്കല്‍ സ്റ്റേഷന്‍, കൊടിയങ്ങാട് സ്റ്റേഷന്‍, വയനാട് ജില്ലയിലെ കബനി നദിയിലെ കേളോത്തുകടവ് സ്റ്റേഷന്‍, മുദങ്ങ സ്റ്റേഷന്‍, പനമരം സ്റ്റേഷന്‍ കേന്ദ്ര ജലകമ്മീഷന്റെ (ഇണഇ) മുത്തന്‍കര സ്റ്റേഷന്‍, കണ്ണൂര്‍ ജില്ലയിലെ പെരുമ നദിയിലെ കൈതപ്രം സ്റ്റേഷന്‍, കാസര്‍കോട് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷന്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ നദികളുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.