തിരുവനന്തപുരം: സിനിമാ പ്രതിസന്ധിക്കു അറുതി വരുത്തി എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തിയറ്റര്‍ സമരം പിന്‍വലിച്ചു. നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടനക്കു ഇന്നു രൂപം നല്‍കാനിരിക്കെ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതാവ് ലിബര്‍ട്ടി ബഷീറാണ് സമരം പിന്‍വലിക്കുന്നതായി അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ വിശ്വസിച്ചാണ് സമരം പിന്‍വലിക്കുന്നതെന്ന് ബഷീര്‍ അറിയിച്ചു. സിനിമ പ്രതിസന്ധി അവസാനിക്കണമെങ്കില്‍ തിയേറ്റര്‍ ഉടമകള്‍ ആദ്യം സമരം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു. തിയേറ്റര്‍ വിഹിതം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കമാണ് അനിശ്ചിതകാല തിയേറ്റര്‍ സമരത്തിലെത്തിച്ചത്. തിയേറ്റര്‍ വിഹിതത്തിന്റെ അമ്പതു ശതമാനം ആവശ്യപ്പെട്ടാണ് എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ ഡിസംബറില്‍ സമരം ആരംഭിച്ചത്.