സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മലയാളി തോമസ് കുര്യന്‍ നിയമിതനായി. നിലവിലെ സിഇ! ഡയല്‍ഗ്രീന്‍ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് തോമസ് കുര്യന്‍ എത്തുന്നത്.

26ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡില്‍ ചേരും. തുടര്‍ന്ന് ജനുവരിയില്‍ സിഇഒയായി ചുമതലയേല്‍ക്കും.

ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവയോടുള്ള മത്സരത്തില്‍ ഗൂഗിള്‍ ക്ലൗഡ് പിന്നില്‍ പോയ സാഹചര്യത്തിലാണ് ഗ്രീനിനെ മാറ്റുന്നത്. ഗിറ്റ്ഹബ്, റെഡ്ഹാറ്റ് തുടങ്ങിയവ വാങ്ങി ലാഭമുണ്ടാക്കാനുള്ള അവസരം ഗ്രീന്‍ പാഴാക്കിയെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഒറാക്കിളില്‍ ക്ലൗഡ് വികസനത്തിന്റെ തലവനായിരുന്നു തോമസ് കുര്യന്‍. കോട്ടയം പാമ്പാടി സ്വദേശിയായ തോമസ് കുര്യനും സഹോദരന്‍ ജോര്‍ജ്ജ് കുര്യനും 1986ല്‍ പ്രിന്‍സ്ടണില്‍ വിദ്യാര്‍ത്ഥികളായാണ് അമേരിക്കയിലെത്തിയത്.