തൃശൂര്‍: കോര്‍പ്പറേഷനില്‍ തന്നെ കയറാന്‍ അനുവദിക്കാത്തവരെ ഇനി പുറത്ത് വഴിനടക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. തൃശൂര്‍ കോര്‍പറേഷനില്‍ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റതിനെ തുടര്‍ന്നാണ് ഗോപാലകൃഷ്ണന്റെ ഭീഷണി പ്രഖ്യാപനം.

‘ഇത്തവണ കോര്‍പ്പറേഷനുള്ളില്‍ കയറാന്‍ അവര്‍ എന്നെ അനുവദിച്ചില്ലെങ്കില്‍ കോര്‍പ്പറേഷന് വെളിയില്‍ ഇനി അവര്‍ യഥാവിധി സഞ്ചരിക്കുമെന്ന് വിചാരിക്കേണ്ടതില്ല’ എന്നായിരുന്നു ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.

അതിശക്തമായ പ്രക്ഷോഭവും അതിശക്തമായ സംഘടനാ ചുമതലുമായി ഈ കോര്‍പ്പറേഷനില്‍ തന്നെ താനുണ്ടാകുമെന്നും സിപിഐഎമ്മിന്റെ വോട്ട് കച്ചവടമാണ് തന്റെ പരാജയത്തിന് കാരണമെന്നും ഇത് റിസള്‍ട്ട് വരുന്നതിന് മുന്‍പ് താന്‍ പ്രഖ്യാപിച്ചതാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ബിജെപി കോട്ടയായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. യുഡിഎഫ് സ്ഥാനാര്‍ഥി എകെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്.