മലപ്പുറം: വണ്ടൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ടിപി സുല്‍ഫത്തിന് വമ്പന്‍ തോല്‍വി. വണ്ടൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ മത്സരിച്ച സുല്‍ഫത്തിന് വെറും 56 വോട്ടുകളാണ് കിട്ടിയത്. ഇവിടെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സീനത്ത് വിജയിച്ചു. 961 വോട്ടുകള്‍ ലഭിച്ചു. രണ്ടാമതെത്തിയ എല്‍ഡിഎഫ് സ്വതന്ത്ര അന്‍സ് രാജന് 650 വോട്ടുകളും കിട്ടി.

മലപ്പുറം ജില്ലയില്‍ ബിജെപിക്കായി ന്യൂനപക്ഷ സ്ഥാനാര്‍ഥി മത്സരിക്കുന്നത് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. കടുത്ത മോദി ആരാധികയാണ് താനെന്നും സുല്‍ഫത്ത് പ്രചാരണ വേളയില്‍ അവകാശപ്പെടുകയുണ്ടായി.

മുത്തലാഖ് അടക്കമുള്ള വിഷയങ്ങളില്‍ ശക്തമായ തീരുമാനങ്ങളെടുത്തതാണ് താന്‍ ബിജെപിയിലേക്കടുക്കാന്‍ കാരണമായതെന്നും മോദിയോട് ആരാധന തോന്നാണ് കാരണമായതെന്നും സുല്‍ഫത്ത് പറയുകയുണ്ടായിരുന്നു.