കൊച്ചി: യുവാവിന് നിപരോഗബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കൊച്ചിയില്‍ ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നു. വിദ്യാര്‍ത്ഥി നാല് ദിവസം തൃശൂരില്‍ താമസിച്ചിരുന്നു. യുവാവിനൊപ്പം 22 പേര്‍ തൃശൂരിലുണ്ടായിരുന്നു. എന്നാല്‍ ഇവരില്‍ ആറുപേര്‍ നിരീക്ഷണത്തിലുണ്ടെന്ന് തൃശൂര്‍ ഡി.എം.എ അറിയിച്ചു.

തൊഴിലധിഷ്ഠിത പരിശീലനത്തിനായി തൃശൂരിലെത്തിയതാണ് യുവാവ്. എത്തുമ്പോള്‍ തന്നെ യുവാവിന് പനിബാധിച്ചിരുന്നു. ഇടുക്കി സ്വദേശിയാണ് യുവാവ്. അതിനാല്‍ തൃശൂരല്ല ഇതിന്റെ ഉറവിടമെന്നാണ് വിലയിരുത്തല്‍. പനിയെത്തുടര്‍ന്ന് തൃശൂരില്‍ രണ്ടിടങ്ങളില്‍ യുവാവ് ചികിത്സ തേടിയിരുന്നു. അതേസമയം, കൊച്ചിയില്‍ ചികിത്സയില്‍ തുടരുന്ന യുവാവിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം. യുവാവ് അബോധാവാസ്ഥയില്‍ തുടരുകയാണ്.

അനാവശ്യമായി ഭയപ്പെടേണ്ടതില്ലെന്നും ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. നീണ്ടുനില്‍ക്കുന്ന പനിയും ചുമയും ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി.