മുംബൈ: ദുരന്തോ എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ലോക്കോ പൈലറ്റുമാര്‍ക്ക് റെയില്‍വേ അവാര്‍ഡ് നല്‍കും. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഡ്രൈവര്‍മാരായ വീരേന്ദ്ര സിങ്(52), അഭയ് കുമാര്‍ പാല്‍(32) എന്നിവര്‍ നടത്തിയത് മാതൃകാ പരമായ ഇടപെടലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇരുവര്‍ക്കും അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്.
ആഗസ്ത് 29നാണ് ദുരന്തോയുടെ എഞ്ചിനും ഒമ്പത് കോച്ചുകളും അപകടത്തില്‍ പെട്ടത്. . സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും അത്യാഹിതങ്ങളൊന്നുമുണ്ടായില്ല. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ലോക്കോ പൈലറ്റുമാര്‍ കാണിച്ച ജാഗ്രതയാണ് അത്യാഹിതങ്ങളൊഴിവാക്കിയതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി പറഞ്ഞു.
കനത്ത മഴയെ തുടര്‍ന്ന് മുന്നിലുള്ള വളവ് കാണാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. അപകടം മുന്നില്‍ കണ്ട പൈലറ്റുമാര്‍ എമര്‍ജന്‍സി ബ്രേക്കിട്ടതാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.