മഡ്ഗാവ്: അവസാന എട്ട് മല്‍സരങ്ങളില്‍ തോറ്റിട്ടില്ല കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഹൈദരാബാദിന്റെ മികവും അത് തന്നെ. എട്ട് കളികളിലും തോല്‍ക്കാത്തവര്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരും അഞ്ചാം സ്ഥാനക്കാരും ഇന്ന് തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ മുഖാമുഖം വരുമ്പോള്‍ തീപ്പാറും. ജയിച്ചാല്‍ ഹൈദരാബാദുകാര്‍ക്ക് ഒന്നാം സ്ഥാനം നേടാം. മൂന്ന് പോയിന്റാണ് സമ്പാദ്യമെങ്കില്‍ മഞ്ഞപ്പടക്ക് രണ്ടാം സ്ഥാനത്തേക്കും കയറാം.

അഡ്രിയാന്‍ ലുന എന്ന സ്പാനിഷ് മധ്യനിരക്കാരനിലാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷകള്‍. അവസാന രണ്ട് മല്‍സരങ്ങളിലും ടീമിന് ജയിക്കാനായില്ലെങ്കിലും ലുനയും സംഘവും ഫോമിലേക്കുയര്‍ന്നാല്‍ വ്യക്തമായും മൂന്ന് പോയിന്റ് സ്വന്തമാക്കനാവുമെന്നാണ് കോച്ച് ഇവാന്‍ വുകോമനോവിച്ച് പറയുന്നത്. ഗോവക്കെതിരെ 2-2 ല്‍ അവസാനിച്ച മല്‍സരത്തില്‍ ലൂന നേടിയ ഗോള്‍ അതിസുന്ദരമായിരുന്നു. മറ്റൊരു ഗോളിലേക്ക് പന്ത് നല്‍കിയതും അദ്ദേഹം തന്നെ. തുടക്കത്തില്‍ രണ്ട് ഗോളിന് ലീഡ് നേടിയ ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്. ഫോമിലുള്ള ഗോള്‍ വേട്ടക്കാരന്‍ സഹല്‍ അബ്ദുള്‍ സമദാണ് കോച്ചിന്റെ മറ്റൊരു പ്രതീക്ഷ.

മല്‍സരത്തില്‍ പ്രധാനം ഗെയിമിന്റെ താളമാണെന്ന് കോച്ച് പറഞ്ഞു. നല്ല തുടക്കം ലഭിക്കണം. എങ്ങനെ മല്‍സരം ആരംഭിക്കുന്നു എന്നതാണ് പ്രധാനം. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നല്ല തുടക്കമായാല്‍ താളം ലഭിക്കും. ആര്‍ക്കും ആരെയും തോല്‍പ്പിക്കാമെന്നതാണ് ഈ സീസണിലെ പ്രത്യേകതയെന്നും വുകാമനോവിച്ച് പറഞ്ഞു. ഹൈദരാബാദ് സംഘത്തിലെ കരുത്തന്‍ ബര്‍ത്തലോമിയോ ഓഗ്ബജേ എന്ന പഴയ ബ്ലാസ്‌റ്റേഴ്‌സ് താരമാണ്. ഇതിനകം 44 ഗോളുകളാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നൈജീരിയക്കാരന്റെ നാമധേയത്തിലുള്ളത്. നാല് ഗോളുകള്‍ കൂടി സ്‌ക്കോര്‍ ചെയ്യാനായാല്‍ ഐ.എസ്.എല്‍ ചരിത്രത്തിലെ ടോപ് സ്‌ക്കോററായി അദ്ദേഹത്തിന് മാറാനാവും. എഫ്.സി ഗോവക്കായി കളിച്ച ഫെറാന്‍ കോറോമിനസിന്റെ നാമധേയത്തിലാണ് നിലവില്‍ കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡുള്ളത്. 57 മല്‍സരങ്ങളില്‍ നിന്നായി 48 ഗോളുകളാണ് അദ്ദേഹം സ്‌ക്കോര്‍ ചെയ്തത്. ഈ സീസണില്‍ ഒമ്പത് മല്‍സരങ്ങളില്‍ നിന്നായി ഒമ്പത് ഗോളുകളാണ് ഓഗ്ബജേ സ്‌ക്കോര്‍ ചെയ്തത്. ബ്ലാസ്‌റ്റേഴ്‌സ് മനോഹരമായി കളിക്കുന്ന ടീമാണെന്ന് ഹൈദരാബാദ് കോച്ച് മനാലോ മാര്‍ക്കസ് പറഞ്ഞു. അവരുടെ മൂന്ന് വിദേശ മുന്‍നിരക്കാരും അപകടകാരികളാണ്. ഒപ്പം മികച്ച ഇന്ത്യന്‍ താരങ്ങളുമാവുമ്പോള്‍ അവരെ തോല്‍പ്പിക്കുക പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു. 7-30 മുതലാണ് മല്‍സരം.