തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി അവധി ആനൂകുല്യം നേടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ ബൈജുവിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ചികിത്സക്കായി എട്ടു മാസം അവധിയിലായിരുന്നെന്ന വ്യാജരേഖയുണ്ടാക്കി സര്‍ക്കാറില്‍ നിന്ന് എട്ട് ലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സി.പി.എം നേതാവും തിരുവനന്തപുരം കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലറുമായ എ.ജെ സുക്കാര്‍ണോ നല്‍കിയ പരാതിയിലാണ് കേസ്. പരാതിയില്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബിജിമോന്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാറിനെതിരെ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യുകയയായിരുന്നു.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് 2016 ജൂണ്‍ ഒന്നു മുതല്‍ 2017 ജനുവരി 31 വരെ സെന്‍കുമാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്നപേരില്‍ അവധിയിലായിരുന്നു. ഇക്കാലയളവില്‍ അര്‍ധവേതന അവധിയെടുക്കുന്നതിന് ഒന്‍പത് അപേക്ഷകള്‍ സെന്‍കുമാര്‍ നല്‍കിയത് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

പിന്നീട് തന്റെ അര്‍ധവേതന അവധി പരിവര്‍ത്തിത അവധിയായി (കമ്മ്യൂട്ടഡ് ലീവ്) പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് 2017 ഫെബ്രുവരി ആറിന് അദ്ദേഹം സര്‍ക്കാറിന് കത്ത് നല്‍കി. ഗവണ്‍മെന്റ് ആയുര്‍വേദ കോളജിലെ ഡോ.വി.കെ അജിത് കുമാര്‍ നല്‍കിയ എട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഒപ്പം ഹാജരാക്കി. ഈരേഖകള്‍ വ്യാജമാണെന്നായിരുന്നു പരാതി.
അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ചികിത്സയിലായിരുന്നെന്ന് സെന്‍കുമാര്‍ സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആയുര്‍വേദ ആസ്പത്രിയില്‍ ചികിത്സക്കായി ഡോക്ടറെ കാണാനെത്തിയെന്ന് അവകാശപ്പെടുന്ന ചില ദിവസങ്ങളില്‍ സെന്‍കുമാര്‍ അന്നമനട, കൊല്ലം, എറണാകുളം എന്നിവിടങ്ങളിലായിരുന്നെന്ന് മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ പരിശോധിച്ചതില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തി. ചികിത്സയിലായിരുന്ന എട്ട് മാസം രണ്ടു മരുന്നുകള്‍ മാത്രമാണ് ആസ്പത്രിയില്‍ നിന്ന് നല്‍കിയതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.