കോട്ടയം: ഉദാഹരണം സുജാത എന്ന സിനിമയില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെ ജാതീയമായി അധിക്ഷേപിച്ചതാടി പരാതി. സിനിമാ പ്രവര്‍ത്തകര്‍ക്കും സെന്‍സര്‍ ബോര്‍ഡിനും എതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് മുഖ്യമന്ത്രി, സാംസ്‌ക്കാരിക പട്ടികജാതി വകുപ്പ് മന്ത്രി, പട്ടികജാതി പട്ടിക വകുപ്പ് കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

ഉദാഹരണം സുജാത എന്ന ചലചിത്രത്തിലാണ് മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെ ജാതീയമായി അധിക്ഷേപിക്കുന്ന ഭാഗം ചിത്രീകരിച്ചിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു. ചിത്രത്തില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തോടു പറയുന്നതായിട്ടാണ് അധിക്ഷേപം അടങ്ങിയ ഭാഗം ചിത്രീകരിച്ചിട്ടുള്ളത്.

പിതാക്കന്‍മാരുടെ ജോലി തന്നെ മക്കള്‍ ചെയ്യേണ്ടിവന്നാല്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ തെങ്ങുകയറ്റക്കാരനാകേണ്ടി വരുമെന്നാണ് നെടുമുടി വേണുവിന്റെ കഥാപാത്രം പറയുന്നത്. യഥാര്‍ത്ഥത്തില്‍ കെ.ആര്‍.നാരായണന്റെ പിതാവ് നാട്ടുവൈദ്യനാണെന്നിരിക്കെ ഇത്തരത്തിലൊരു പരാമര്‍ശം ഉള്‍പ്പെടുത്തിയത് കെ.ആര്‍.നാരായണനെ ബോധപുര്‍വ്വം അധിക്ഷേപിക്കുന്നതിനു വേണ്ടിയാണെന്നു എബി ജെ. ജോസ് ചൂണ്ടിക്കാട്ടി. ചരിത്രസത്യത്തെ തെറ്റായി വളച്ചൊടിച്ച സിനിമ പ്രവര്‍ത്തകരുടെ നടപടി പ്രതിക്ഷേധാര്‍ഹമാണ്.

കൂടാതെ മുന്‍ രാഷട്രപതി അബ്ദുള്‍ കലാം മീന്‍പിടുത്തക്കാരനാകേണ്ടയാളാണെന്നും ഇതിനൊപ്പം പറയുന്നുണ്ട്. അബ്ദുള്‍ കലാമിന്റെ പിതാവ് ബോട്ടുകള്‍ വാടകയ്ക്കു കൊടുക്കുന്ന ജോലി നോക്കിയിരുന്ന വ്യക്തിയായിരുന്നുവെന്നിരിക്കെയാണ് തെറ്റായ പരാമര്‍ശം സിനിമയില്‍ ഉള്‍പ്പെടുത്തിട്ടുള്ളത്. കലയുടെ പേരില്‍ എന്തും പറയാമെന്ന ധാരണ ചലചിത്ര പ്രവര്‍ത്തകര്‍ വച്ചു പുലര്‍ത്തുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെന്നു കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. പ്രദര്‍ശനത്തിനെത്തിച്ച സിനിമയില്‍ ഈ ഭാഗം ഉള്‍പ്പെട്ടത് സെന്‍സര്‍ ബോര്‍ഡിന്റെ പിടിപ്പുകേടാണ്. സംഭവത്തില്‍ ഇതുമായി ബന്ധപ്പെട്ട സിനിമ പ്രവര്‍ത്തകര്‍ വേദം പ്രകടിപ്പിക്കണമെന്നും അധിക്ഷേപകരമായ ഭാഗം അടിയന്തിരമായി ചിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എബി ജെ.ജോസ് ആവശ്യപ്പെട്ടു.