ലക്‌നൗ: ഉന്നാവ് പീഡനക്കേസില്‍ കുറ്റക്കാരനെന്നു വിധിച്ച മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ ഭാര്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഉത്തര്‍പ്രദേശിലെ അഞ്ച് ജില്ലാ പഞ്ചായത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കുല്‍ദീപ് സെന്‍ഗറിന്റെ ഭാര്യ സംഗീത സെന്‍ഗര്‍ 2016 മുതല്‍ 2021 വരെ ഉന്നാവ് ജില്ലാ ചെയര്‍പഴ്‌സന്‍ ആയിരുന്നു.

2017ലാണ് ഉന്നാവ് ഉള്‍പ്പെടുന്ന ബന്‍ഗരമൗ മണ്ഡലത്തില്‍നിന്ന് കുല്‍ദീപ് ജയിച്ചത്. ഉന്നാവ് പീഡനക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ ബിജെപിയില്‍നിന്നും പുറത്താക്കുകയും എംഎല്‍എ സ്ഥാനം നഷ്ടമാകുകയും ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 2017ല്‍ കുല്‍ദീപ് ജയിലിലായി. ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. പിന്നീട് ഇരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകത്തിലും പങ്കുണ്ടെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് പത്ത് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. ഏപ്രില്‍ 15 മുതലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്.