ലഖ്‌നൗ: ലൗ ജിഹാദുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ‘നിര്‍ബന്ധിത’ മത പരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിന്‍സ് ഇറക്കി ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍. നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒന്നു മുതല്‍ അഞ്ചു വര്‍ഷംവരെ തടവുശിക്ഷയും 15,000 രൂപ പിഴയും വ്യവസ്ഥചെയ്യുന്നതാണ് ഓര്‍ഡിനന്‍സെന്ന് യുപി മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. ദ ഉത്തര്‍പ്രദേശ് അണ്‍ലോഫുള്‍ റിലീജ്യസ് കണ്‍വേര്‍ഷന്‍ പ്രോഹിബിഷന്‍ (2020) എന്നാണ് ഓര്‍ഡിനന്‍സിന്റെ പേര്.

പ്രായപൂര്‍ത്തിയാകാത്തവരെയോ എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയോ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയാല്‍ മൂന്ന് മുതല്‍ പത്ത് വര്‍ഷംവരെ തടവുശിക്ഷയും 25,000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാം. കൂട്ട മതപരിവര്‍ത്തനമാണ് നടക്കുന്നതെങ്കില്‍ മൂന്ന് മുതല്‍ 10 വര്‍ഷംവരെ തടവുശിക്ഷ നല്‍കാനും 50,000 രൂപവരെ പിഴ ഈടാക്കാനും ഓര്‍ഡിനന്‍സ് വ്യവസ്ഥചെയ്യുന്നു.

മറ്റൊരു മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കണമെങ്കില്‍ ജില്ലാ മജിസ്‌ട്രേട്ടില്‍നിന്ന് രണ്ടു മാസം മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. ഓര്‍ഡിനന്‍സിന് കീഴിലെ എല്ലാ കേസുകളും ജാമ്യമില്ലാ കുറ്റമായാണ് പരിഗണിക്കപ്പെടുക.

നേരത്തെ, ഉത്തര്‍പ്രദേശിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിനിടെ ഇത്തരത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് യോഗി പ്രഖ്യാപിച്ചിരുന്നു. ‘നമ്മുടെ സഹോദരിമാരുടെ യശസ്സു കൊണ്ട് കളിക്കുന്നവര്‍ക്കെതിരെ’ നിയമം കൊണ്ടുവരും എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.