ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 500 വര്‍ഷം പഴക്കമുള്ള പള്ളി ആരുമറിയാതെ പൊളിച്ചു നീക്കി. മഹോബ സിറ്റിയിലെ 500 വര്‍ഷത്തോളം മുസ് ലിംകള്‍ ആരാധന നിര്‍വഹിച്ച പള്ളിയാണ് റോഡ് വികസനത്തിന്റെ പേരില്‍ ബജറംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലയിട്ട ഓഗസ്റ്റ് അഞ്ചിന് രണ്ട് ദിവസം മുമ്പാണ് പള്ളി തകര്‍ത്തത്. പള്ളി തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ സമീപത്തെ കുളത്തില്‍ തള്ളുകയായിരുന്നു. ഇവിടെയുള്ള ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുളത്തിലാണ് അവശിഷ്ടങ്ങള്‍ തള്ളിയത്.

കാണ്‍പൂര്‍ സാഗര്‍ ദേശീയപാതയുടെ വികസനത്തിന്റെ പേരിലാണ് പള്ളി പൊളിച്ചു നീക്കിയത്. ജൂലൈയില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരും പള്ളി രക്ഷാധികാരി സയീദ് ലംബാര്‍ദറും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ 11 അടി സ്ഥലം വിട്ടുകൊടുക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ ഓഗസ്റ്റ് മൂന്നിന് ഉദ്യോഗസ്ഥന്‍മാരായ രാം സുരേഷ് വര്‍മ്മ, രാജേഷ് കുമാര്‍ യാദവ്, ജതശങ്കര്‍, ബാലകൃഷ്ണ സിങ് എന്നിവരും കുറച്ച് എഞ്ചിനീയര്‍മാരും വീണ്ടും വരികയും സയീദ് ലംബാര്‍ദറിനോട് റോഡ് വികസനത്തിന് കൂടുതല്‍ സ്ഥലം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ പറഞ്ഞതിന് അനുസരിച്ച് പള്ളി പുനഃക്രമീകരിക്കാന്‍ കുറച്ച് സമയം വേണമെന്ന് ലംബാര്‍ദര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് സമ്മതിക്കാതെ ഓഗസ്റ്റ് മൂന്നിന് രാത്രി രണ്ട് മണിയോടെ പള്ളി പൂര്‍ണമായും പൊളിച്ചുനീക്കുകയായിരുന്നു.

പള്ളി പൊളിച്ചതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സംശയാസ്പദമായ രീതിയിലാണ് പൊലീസ് പ്രതികരിച്ചത്. ആര്‍ട്ടിക്കിള്‍ 24 എന്ന ന്യൂസ് പോര്‍ട്ടല്‍ പ്രതിനിധി പള്ളിയെക്കുറിച്ച് ചോദിച്ചപ്പോള്‍ വേറെ ആരും ഇതിനെക്കുറിച്ച് ചോദിക്കുന്നില്ലല്ലോ പിന്നെ നിങ്ങള്‍ മാത്രമെന്തിനാണ് ഇതിനെക്കുറിച്ച് ചോദിക്കുന്നത് എന്നായിരുന്നു പൊലീസ് എസ്പി വീരേന്ദ്രകുമാര്‍ ചോദിച്ചത്. പള്ളി പൊളിച്ചതിനെക്കുറിച്ച് ഒന്നുമറിയില്ല എന്നായിരുന്നു പൊലീസ് മേധാവിയുടെ പ്രതികരണം.