ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം ഭരണാധികാരികള്‍ നാമകരണം ചെയ്ത നഗരങ്ങളുടെ പേര് മാറ്റുന്ന ആദിത്യനാഥ് സര്‍ക്കാറിന്റെ നടപടി തുടരുന്നു. അലഹബാദ് ജില്ലയുടെ പേര് മാറ്റാനാണ് അവസാനം യു.പി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അലഹബാദ് ജില്ല ഇനി മുതല്‍ പ്രയാഗ്‌രാജ് എന്ന് അറിയപ്പെടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

2019ല്‍ കുംഭമേള നടക്കാനിരിക്കെയാണ് പേരുമാറ്റം. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് കുംഭമേള. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനൊപ്പം അലഹബാദിന്റെ പേരുമാറ്റാനുള്ള പ്രമേയത്തിന് അനുമതി തേടിയിട്ടുണ്ടെന്ന് ആദിത്യനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണര്‍ രാം നായിക് പേരുമാറ്റത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ ആണ് ഈ പ്രദേശത്തിന് ലഹാബാദ് എന്ന് വിളിച്ചത്. പില്‍ക്കാലത്ത് ഷാജഹാന്‍ ഈ പേരിനെ വീണ്ടും മാറ്റി അലഹബാദ് എന്നാക്കുകയായിരുന്നു.