ലക്‌നൗ: യുപിയില്‍ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കിയ പെണ്‍കുട്ടി മരിച്ചു. ഗുരുതരമായ അവസ്ഥയില്‍ പെണ്‍കുട്ടിയെ ഇന്നലെ ഡല്‍ഹി എയിംസിലേക്ക് മാറ്റിയിരുന്നു. എയിംസില്‍ വച്ചാണ് മരിച്ചത്. പത്തൊമ്പതു വയസുള്ള കുട്ടിയാണ് പീഡനത്തിനിരയായത്.

കഴിഞ്ഞ 14ന് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹത്‌റാസിലാണ് നാലു പേര്‍ ചേര്‍ന്ന്് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ നാവടക്കം പ്രതികള്‍ മുറിച്ചെടുത്തിരുന്നു. ശരീരത്തില്‍ ക്രൂരമായ ദേഹോപദ്രവമേറ്റതിന്റെ നിരവധി പാടുകളുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

അമ്മയും പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയും മൂത്ത സഹോദരനും കൂടി പുല്ലുവെട്ടാന്‍ പോയപ്പോഴായിരുന്നു സംഭവം. ചേട്ടന്‍ ഒരു കെട്ട് പുല്ലുമായി തിരിച്ചു പോരുകയായിരുന്നു. എന്നാല്‍ അമ്മയും പെണ്‍കുട്ടിയും അവിടെത്തന്നെ നിന്നെന്ന് അവളുടെ മൂത്ത ചേട്ടന്‍ പറയുന്നു. പുല്ലുകള്‍ വളരെ കൂടുതലുള്ള ഒരു സ്ഥലത്തായിരുന്നു അവര്‍ നിന്നിരുന്നത്. എന്നാല്‍ അമ്മ പെണ്‍കുട്ടിയുടെ അടുത്തു നിന്ന് ചെറിയ ഒരു അകലത്തേക്ക് ഒന്നു മാറിയപ്പോള്‍ നാലു പേര്‍ പുറകില്‍ കൂടി എത്തി അവളുടെ ദുപ്പട്ട കഴുത്തില്‍ ചുറ്റി അവളെ ബാജ്‌റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി.’ പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. തുടര്‍ന്ന് ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു.

കേസില്‍ പൊലീസ് ഇടപെടാന്‍ വൈകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ പൊലീസ് ഇത് നിഷേധിച്ചു. ആദ്യം ഒരാളെ അറസ്റ്റു ചെയ്‌തെന്നും അയാളില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വേഗം തന്നെ മറ്റു മൂന്നു പേരെയും അറസ്റ്റു ചെയ്‌തെന്നും പൊലീസ് പറഞ്ഞു.