ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ യു.പിയിലെ വാരണാസിയില്‍ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഞെട്ടിക്കുന്ന തോല്‍വി. രണ്ട് സീറ്റുകളാണ് ബിജെപിക്ക് നഷ്ടമായത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ബിജെപി ഇവിടെ പരാജയം അറിയുന്നത്. രണ്ടിടത്തും എസ്.പി സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.

നിയമസഭ കൗണ്‍സിലിലേക്ക് വാരണാസി ഡിവിഷനില്‍ നിന്ന് അധ്യാപകര്‍, ബിരുദധാരികള്‍ എന്നിവര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലാണ് ബിജെപിക്ക് തോല്‍വി. ഗ്രാജ്വേറ്റ് സീറ്റില്‍ അശുതോഷ് സിന്‍ഹ വിജയിച്ചപ്പോള്‍ ടീച്ചേഴ്‌സ് സീറ്റില്‍ ലാല്‍ ബിഹാരി യാദവ് വിജയിച്ചു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലും ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് ജോഷി കോണ്‍ഗ്രസിന്റെ അഭിജിത് വന്‍ജാരിയോടാണ് പരാജയമറിഞ്ഞത്. 58 വര്‍ഷത്തെ തുടര്‍വിജയത്തിന് ശേഷമാണ് ബിജെപി നാഗ്പൂരില്‍ തോറ്റത്.