തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചെണ്ട പരാമര്‍ശത്തെ ട്രോളി വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ബല്‍റാമിന്റെ ട്രോളല്‍. ചിത്രത്തിന് താഴെ ഒട്ടേറെ കമന്റുകളും വരുന്നുണ്ട്.

കഴിഞ്ഞ ദിവസം കൊല്ലത്ത് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഇടതമുന്നണി ജില്ലാ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ ‘ചെണ്ട’ പരാമര്‍ശം ഉണ്ടായത്. കോട്ടയത്ത് കെവിന്റെ കൊലപാതകക്കേസില്‍ എസ്.ഐക്കു പറ്റിയതു ഗുരുതര വീഴ്ചയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ സംഭവം രാഷ്ട്രീയവല്‍ക്കരിക്കാനാണു ശ്രമം. ചാനല്‍ ലേഖകനോ ലേഖികക്കോ വിരോധം തീര്‍ക്കാന്‍ വഴിയില്‍ കെട്ടിയ ചെണ്ടയല്ല കേരളത്തിന്റെ മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും. അങ്ങനെ ഭയപ്പെട്ടു പോകുകയുമില്ല–എന്നുമായിരുന്നു പിണറായിയുടെ പ്രസംഗം. ഇതിനെയാണ് ബല്‍റാം ചിത്രമിട്ട് ട്രോളിയത്.

തൃശൂര്‍ പൂരത്തില്‍ ഇലഞ്ഞിത്തറ മേളം നടക്കുമ്പോള്‍ പെരുവനം കുട്ടന്‍മാരാരെ പിണറായി വിജയന്‍ അനുമോദിക്കുന്ന ചിത്രമെടുത്താണ് ബല്‍റാം പോസ്റ്റ് ചെയ്തത്. ചിത്രത്തിനു താഴെ പിണറായിയേയും ചെണ്ടയേയും ചേര്‍ത്തുകൊണ്ട് കമന്റുകള്‍ വന്നു നിറയുന്നുമുണ്ട്.