കോണ്‍ഗ്രസ്സുമായി ദേശീയതലത്തില്‍ സഹകരിക്കേണ്ടെന്ന തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി.ബല്‍റാം. ഇടക്കിടക്ക് ആളെ പറ്റിക്കാന്‍ ഇന്ദ്രനും ചന്ദ്രനും ബ്രണ്ണന്‍ കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാല്‍ മതിയെന്ന് ബല്‍റാം പരഹസിച്ചു. കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെ എതിര്‍ത്ത് കേരളഘടകം രംഗത്തെത്തിയതിനെ വിമര്‍ശിക്കുകയായിരുന്നു ബല്‍റാം. കോണ്‍ഗ്രസ്സിനൊപ്പം സഹകരിക്കാമെന്നായിരുന്നു സി.പിഎം ബംഗാള്‍ ഘടകത്തിന്റേയും യെച്ചൂരിയുടേയും നിലപാട്. എന്നാല്‍ പിണറായി വിജയന്റെ നിലപാട് കാരാട്ടിനൊപ്പമായിരുന്നു. വി.എസും തോമസ് ഐസക്കും യെച്ചൂരിയെ പിന്തുണക്കുകയും ചെയ്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഓ.. വല്ല്യ കാര്യായിപ്പോയി. അല്ലെങ്കിലും തള്ളന്താനങ്ങള്‍ക്ക് വിരുന്ന് നല്‍കിയും അമിട്ട് ഷാജിമാര്‍ക്ക് വഴിയൊരുക്കിയും നടക്കുന്ന സംഘാക്കളുടെ പിന്തുണയാലല്ല ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മുന്നോട്ടുപോകാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ‘കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടും’ എന്ന ഇഎംഎസിന്റെ മുദ്രാവാക്യം എത്രയോ തവണ പ്രാവര്‍ത്തികമാക്കിയവര്‍ ഇനിയും ചെകുത്താന്മാരെത്തന്നെ തലയിലേറ്റി നടന്നാല്‍ മതി. ഇടക്കിടക്ക് ആളെ പറ്റിക്കാന്‍ ഇന്ദ്രനും ചന്ദ്രനും ബ്രണ്ണന്‍ കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാല്‍ മതി. ഇപ്പോഴുള്ളപോലെ കുറേ അന്തംകമ്മികള്‍ കൂടെ നിന്നോളും. ഇടതുപക്ഷമാണത്രേ, ഇടതുപക്ഷം.