Connect with us

kerala

വാര്‍ഡ് വിഭജനം നിയമക്കുരുക്കിലേക്ക്; കൂടുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ കോടതിയില്‍

മൂന്ന് തദ്ദേശസ്ഥാപനങ്ങള്‍ കൂടിയാണ് അഡ്വക്കറ്റ് മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയെ സമീപിച്ചത്

Published

on

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനെതിരെ കൂടുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ നടപടികള്‍ നിയമക്കുരുക്കിലേക്ക്. എട്ടു മുനിസിപ്പാലിറ്റികളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് മൂന്ന് തദ്ദേശസ്ഥാപനങ്ങള്‍ കൂടി അഡ്വക്കറ്റ് മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളിലെയും തെങ്കര ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജന നടപടികള്‍ ചോദ്യം ചെയ്ത് മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമൂദ് അള്ളാംകുളം, അബ്ദുല്‍ സമദ് പി പി, പാലക്കാട്ട് ജില്ലയിലെ തെങ്കര പഞ്ചായത്ത് മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് ഫൈസല്‍ എന്നിവര്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതിയില്‍ എത്തിയത്. കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, ശ്രീകണ്ഠാപുരം, പാനൂര്‍, മട്ടന്നൂര്‍ നഗരസഭകളിലെയും കാസര്‍ഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജന നടപടികള്‍ കഴിഞ്ഞ ഡിസംബര്‍ 18ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

2011 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ തദ്ദേശ സ്ഥാപനങ്ങളിലും പുതുതായുള്ള വാര്‍ഡ് വിഭജന നടപടികള്‍ ബാധകമാവില്ല എന്ന് കണ്ടെത്തിയാണ് 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയത്. 2011ലെ സെന്‍സസ് അടിസ്ഥാനത്തില്‍ 2015ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് തളിപ്പറമ്പ്, ആന്തൂര്‍, തെങ്കര എന്നിവ. മേല്‍ വിധിയുടെ ആനുകൂല്യം 2015ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകള്‍ക്കും തെങ്കര ഗ്രാമപഞ്ചായത്തിനും ബാധകമാക്കണമെന്ന് ആവശ്യപെട്ടാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ സര്‍ക്കാറിനും ഡിലിമിറ്റേഷന്‍ കമ്മീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി 8ന് വീണ്ടും പരിഗണിക്കും.

ഇതിനുപുറമേ വലിയ പഞ്ചായത്തുകള്‍ വിഭജിക്കാതെ വാര്‍ഡുകള്‍ വിഭജിക്കുന്നതിനെതിരെ 2015ല്‍ രൂപീകരിക്കുകയും പിന്നീട് ഹൈക്കോടതി ഇടപെടല്‍ മൂലം രൂപീകരണം റദ്ദാക്കപ്പെടുകയും ചെയ്ത തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ പഞ്ചായത്ത് അടിയന്തിരമായി രൂപീകരിക്കണമെന്നും അതിന് ശേഷം മാത്രമേ ചിറയന്‍കീഴ്, അഴൂര്‍, കഠിനംകുളം തുടങ്ങിയ പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനം നടത്താന്‍ പാടുള്ളൂ എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാക്കളായ നിസാര്‍ എ, ഫസില്‍ ഹഖ്, സജീബ് കെ ഇസഡ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.കേസില്‍ സര്‍ക്കാരിനോടും,തെരഞ്ഞെടുപ്പ് കമ്മീഷനോടും നിലപാടറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇത്തരം ആവശ്യം ഉന്നയിച്ച് ഫയല്‍ ചെയ്ത കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിന്റെ കേസിനോടൊപ്പം ഈ കേസ് ജനുവരി പതിനാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

kerala

ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.

ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയില്‍ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം.അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

Continue Reading

kerala

പൊട്ടി വീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്കു ദാരുണാന്ത്യം

കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.

Published

on

കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടി വീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തകര്‍ത്ത് അകത്തു കയറി പരിക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകള്‍ ആതിരയാണ് (27) മരിച്ചത്.

കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തില്‍ ഇടിച്ചതോടെ വലിയ കൊമ്പ് ഒടിഞ്ഞ് എതിര്‍ദിശയില്‍ വന്നുകൊണ്ടിരുന്ന കാറില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിനു പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയില്‍ പെരുമ്പിലാവിന് സമീപം കടവല്ലൂര്‍ അമ്പലം സ്‌റ്റോപ്പിലാണ് അപകടം ഉണ്ടായത്.

കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിര. കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.

റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തൊട്ടടുത്തുള്ള പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. എടപ്പാള്‍ കെ.വി.ആര്‍ ഓട്ടോമോബൈല്‍സിലെ ജീവനക്കാരിയാണ് ആതിര. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു.

Continue Reading

kerala

ഒരു ദിവസം രണ്ടു പരീക്ഷ, ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയം; വിമര്‍ശനവുമായി അധ്യാപകര്‍

ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.

Published

on

ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയമെന്ന് അധ്യാപകരുടെ വിമര്‍ശനം. ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ക്രിസ്മസ് പരീക്ഷകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഒരു ദിവസം രണ്ടു പരീക്ഷകള്‍ നടത്തുന്നതിനോടൊപ്പം തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷകള്‍ നിശ്ചയിച്ചുമാണ് പരീക്ഷയുടെ ടൈം ടേബിള്‍ പുറത്തിറക്കിയത്. ഇത് വിദ്യാര്‍ത്ഥികളില്‍ വലിയ മാനസിക സമ്മര്‍ദമുണ്ടാക്കുമെന്നാണ് അധ്യാപകര്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറയ്ക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നതാണ് അധ്യാപരുടെ ആവശ്യം

Continue Reading

Trending