കൊല്‍ക്കത്ത: ഭിന്നശേഷിക്കാരനോട് ആക്രോശിച്ച് കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോ. പശ്ചിമബംഗാളിലെ അസനോളില്‍ ഭിന്നശേഷിക്കാരുടെ പരിപാടിയില്‍ പങ്കെടുക്കവെയാണ് ഭിന്നശേഷിക്കാരനോട് കാല് തല്ലിയൊടിക്കുമെന്ന് മന്ത്രി ആക്രോശിച്ചത്.

ഭിന്നശേഷിക്കാര്‍ക്കായി വീല്‍ചെയറുകളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യുന്ന സാമാജിക് അധികാരികത ശിബിര്‍ എന്ന പരിപാടിയില്‍ ക്ഷണിതാവായി എത്തിയതായിരുന്നു മന്ത്രി. പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ പ്രകോപിതനായ മന്ത്രി സദസ്സിലുണ്ടായിരുന്ന ഒരാള്‍ക്കു നേരെ രോഷം പ്രകടിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ പ്രസംഗം നടക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റു നടന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇത് കണ്ട് മന്ത്രി മൈക്കിലൂടെ ദേഷ്യപ്പെട്ടു.

‘നിങ്ങള്‍ക്കെന്താണ് പറ്റിയത്? എന്തെങ്കിലും പ്രശ്‌നമുണ്ടോ? നിങ്ങള്‍ ഇനി അവിടെ നിന്ന് അനങ്ങിയാല്‍ കാല് ഞാന്‍ തല്ലിയൊടിക്കും. എന്നിട്ട് ഒരു ഊന്നുവടി തരികയും ചെയ്യും’, മന്ത്രി പറഞ്ഞു. സുരക്ഷാ ജീവനക്കാരനോട് അയാള്‍ അവിടെ നിന്ന് അനങ്ങിയാല്‍ കാല് തല്ലിയൊടിച്ച് ഊന്നു വടി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മുമ്പും ഔചിത്യമില്ലാത്ത സംസാരത്തിലൂടെ വാര്‍ത്താശ്രദ്ധ നേടിയിരുന്നു ബാബുല്‍ സുപ്രിയോ. അസനോളില്‍ സാമുദായിക സംഘര്‍ഷം നടന്ന പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ ജനക്കൂട്ടത്തോട് ബഹളമുണ്ടാക്കിയാല്‍ ജീവനോട് തോലുരിക്കുമെന്ന് പറഞ്ഞിരുന്നു.

Watch Video: