കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തലക്ക് വിലയിട്ട് ബംഗാളിലെ ബി.ജെ.പി യുവനേതാവ് യോഗേഷ് വര്‍ഷണേയ്. മമതയുടെ തലവെട്ടി കൊണ്ടുവന്നാല്‍ 11ലക്ഷം രൂപ പാരിതോഷികമായി തരാമെന്ന് യോഗേഷ് പറഞ്ഞു. ബിര്‍ബുമില്‍ ഞായറാഴ്ച്ച നടന്ന റാലിക്കുനേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രകോപിതനായാണ് യോഗേഷിന്റെ പ്രഖ്യാപനം.

റാലിക്കുനേരെയുള്ള പോലീസ് അതിക്രമം കണ്ടപ്പോള്‍ തനിക്കൊരു ചിന്ത മാത്രമാണ് മനസ്സില്‍ വന്നത്. ആരെങ്കിലും മമത ബാനര്‍ജിയുടെ തല വെട്ടികൊണ്ടുവന്നാല്‍ താന്‍ 11ലക്ഷം ഇനാം നല്‍കുമെന്നായിരുന്നു യോഗേഷ് പറഞ്ഞത്. റാലിയില്‍ പങ്കെടുത്ത ജനങ്ങളെ ക്രൂരമായി തല്ലിച്ചതച്ച മമത പിശാചാണ്. എന്തിനാണ് പോലീസ് അതിക്രമം നടത്തിയതെന്നും യോഗേഷ് ചോദിച്ചു. നേരത്തേയും റാലികളില്‍ അക്രമം ഉണ്ടായതോടെയാണ് പോലീസ് കൂടുതല്‍ ജാഗ്രത പാലിച്ചത്.

ഇതാദ്യമായല്ല ബി.ജെ.പി നേതാക്കള്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ തിരിയുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് ഒരു കോടി വിലയിട്ട ആര്‍.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഒരു കോടിരൂപയാണ് പിണറായിയുടെ തലക്ക് കുന്ദന്‍ ചന്ദ് വിലയിട്ടത്.