ശബരിമല: സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ച സംഭവത്തില്‍ വ്യക്തമായ നിലപാടില്ലാതെ സര്‍ക്കാര്‍. പൊലീസ് സംരക്ഷണത്തോടെ യുവതികള്‍ സന്ദര്‍ശനം നടത്തിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചപ്പോള്‍ സന്ദര്‍ശന വിവരം തനിക്കറിയില്ലായിരുന്നു എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമല്ല യുവതീപ്രവേശം എന്ന് മന്ത്രി എ.കെ ബാലനും പറഞ്ഞു.

ഇന്നു പുലര്‍ച്ചെയാണ് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവര്‍ ശബരിമലയില്‍ പ്രവേശിച്ചത്. പതിനെട്ടാംപടി കയറാതെ വി.ഐ.പി പവലിയന്‍ വഴി പ്രതിഷ്ഠയെ തൊഴുതു എന്ന് ഇവര്‍ പിന്നീട് വ്യക്തമാക്കി. ആചാരലംഘനം നടന്നതിനാല്‍ മേല്‍ശാന്ത്രി നടയടച്ച് ശുദ്ധിക്രിയകള്‍ നടത്തി. ഒരു മണിക്കൂറിനു ശേഷം നട ഭക്തര്‍ക്കായി തുറന്നുകൊടുത്തു. തന്ത്രി നടയടച്ചത് കോടതിയലക്ഷ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, യുവതീ പ്രവേശത്തെപ്പറ്റി തനിക്ക് ഒന്നും അറിയില്ലായിരുന്നു എന്നും അവര്‍ വാട്ട്‌സാപ്പിലൂടെ പ്രചരിപ്പിച്ചപ്പോള്‍ മാത്രമാണ് ഇക്കാര്യം ലോകമറിഞ്ഞതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സന്ദര്‍ശനം നടത്തുന്നവര്‍ക്ക് സുരക്ഷ നല്‍കാന്‍ പൊലീസിന് ചുമതലയുണ്ട്. ഏകപക്ഷയമായി നടയടിക്കാന്‍ തന്ത്രിക്ക് അവകാശമില്ല. ദേവസ്വം ബോര്‍ഡുമായി ആലോചിച്ചിട്ടാണോ നടയടിച്ചത് എന്നറിയില്ല. നടയടച്ചത് കോടതിയലക്ഷ്യമാണ്. – മന്ത്രി പറഞ്ഞു.