കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കെതിരെ മന്ത്രി കെ.ടി ജലീല്‍ നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത നേതാവും എസ്.കെ.എസ്.എസ്.എഫ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഓണംപിള്ളി മുഹമ്മദ് ഫൈസി. മതത്തിന് അനുവദനീയമായതു മാത്രമേ സമസ്തക്ക് അനുവദിക്കാനാകൂ എന്ന സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവനക്കെതിരായ ജലീലിന്റെ പ്രസ്താവന നാലാംകിട കവല പ്രഭാഷകന്റേതാണെന്നും സമസ്തക്ക് ഉപദേശം നല്‍കാനാണ് ഭാവമെങ്കില്‍ അത് അവജ്ഞയോടെ തള്ളുന്നുവെന്നും ഫൈസി ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പില്‍ നിന്ന്:
ഒരു പക്ഷവും പിടിക്കാതെയാണ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്ത യുടെ നിലപാട് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്. പത്രക്കാര്‍ ചോദിച്ച ചോദ്യത്തിനുള്ള കൃത്യവും പണ്ഡിതോചിതവും യുക്തിഭദ്രവുമായ മറുപടിയായിരുന്നു അത്. ഇസ്ലാമെന്ന മതിനുള്ളില്‍ അനുവദനീയമായതേ സമസ്തക്ക് അനുവദിക്കാനാവൂ എന്നായിരുന്നു തങ്ങളുടെ പത്രക്കാരോടുള്ള പ്രതികരണം. എല്ലാമുണ്ടതില്‍. ജലീലില്‍ ഇടക്കാലത്ത് സംഭവിച്ച ചിത്തഭ്രമം കൊണ്ടാകണം സമസ്തയുടെ സുചിന്തിതമായ നിലപാട് മനസ്സിലാക്കാനാവത്തത്.അധികാരമത്ത് കൊണ്ട് അന്ധത ബാധിച്ചതിനാല്‍ ഇരിക്കുന്ന കസേരയുടെ വിലയറിയാതെ പോയത് ജലീലിനാണ്. ഒരു നാലാം കിട കവല പ്രഭാഷകനായി സമസ്തക്ക് ഉപദേശം നല്‍കാനാണ് ഭാവമെങ്കില്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു. കണ്ണുരുട്ടിയാല്‍ കാല് നക്കുന്നവരെ താങ്കള്‍ക്ക് പരിചയയുണ്ടാകും. ആ തളപ്പ് ഉപയോഗിച്ച് ഇങ്ങോട്ട് വരരുത്.