തൃശൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ പ്രതി അറസ്റ്റില്‍. കാട്ടൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ വെള്ളാങ്കല്ലൂര്‍ എട്ടങ്ങാടി കോളനി സ്വദേശി കണ്ണാംകുളത്ത് പറമ്പില്‍ സലീമിനെയാണ് (38) ഇരിങ്ങാലക്കുട ഡിവൈ എസ് പി ഫേമസ് വര്‍ഗീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗത്തിന് ഇരയാക്കിയതായാണ് യുവതിയുടെ പരാതി.

വീട്ടില്‍ നേരത്തെ പണിക്കു വന്ന പരിചയത്തില്‍ വീട്ടിലെത്തിയ പ്രതി അതിക്രമിച്ചുക്കയറി യുവതിയെ ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പീഡന രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും അതുപയോഗിച്ച് യുവതി ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിലുണ്ട്.

മാനക്കേട് ഭയന്ന യുവതി പരാതിപ്പെടാന്‍ വൈകിയതോടെയാണ് ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ രണ്ടുതവണ വീണ്ടും പ്രതി പീഡനത്തിന് ഇരയാക്കിയത്. ഇതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ചതോടെ ഹരിജന പീഡന നിരോധന നിയമപ്രകാരം കേസെടുത്തതായും പിറ്റേന്നു തന്നെ പ്രതിയെ അറസ്റ്റു ചെയ്തതായും പൊലീസ് അറിയിച്ചു.

പോലീസ് അന്വേഷിച്ചെത്തുമെന്ന സംശയത്തില്‍ ഒളിവില്‍ പോകുന്നതിനായി ഇറങ്ങിയ പ്രതിയെ കോണത്തുക്കുന്നില്‍ വച്ച് തന്ത്രപരമായി കുടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സലീമിനെ റിമാന്റ് ചെയ്തു.