കെ.എസ്.യു സമ്മേളനത്തിന് നേരെ സിപിഎം ആക്രമണം; നഗരത്തില്‍ ഞായറാഴ്ച ഹര്‍ത്താല്‍

ആലപ്പുഴ: കെഎസ്‌യു സംസ്ഥാന കമ്മിറ്റി ആലപ്പുഴയില്‍ സംഘടിപ്പിച്ച സമരകാഹള സമ്മേളനത്തിന് നേരെ സിപിഎം ആക്രമണം. സമ്മേളന നഗരയില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകരുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.

സമ്മേളനത്തിനെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപി, മുന്‍ എംഎല്‍എ ബെന്നി ബഹനാന്‍, നെയ്യാറ്റിന്‍കര സനല്‍ എന്നിവരുടെ കാറിന്റെ ചില്ലുകളും അക്രമികള്‍ എറിഞ്ഞു തകര്‍ത്തു. ഇന്നലെ വൈകുന്നേരം കെ എസ് യുവിന്റെ റാലി സമ്മേളന സ്ഥലത്തേക്ക് നീങ്ങുമ്പോഴാണ് ഡി വൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചത്. കണ്ണൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട മുദ്രാവാക്യം വിളിയാണ് സിപിഎമ്മുകാരെ പ്രകോപിപ്പിച്ചത്.

മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തും വൈഎംസിഎക്ക് സമീപത്തും പാര്‍ക്ക് ചെയ്തിരുന്ന ആറോളം ബസുകളും നിരവധി കാറുകളും സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തത്. പാര്‍ട്ടിയുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ഇവര്‍ അക്രമത്തിന് മുതിര്‍ന്നത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സമ്മേളന സ്ഥലത്ത് നിന്നും മടങ്ങിയ ശേഷം കൊടിക്കുന്നില്‍ സുരേഷ് സംസാരിക്കുമ്പോഴായിരുന്നു സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ച് കെഎസ്‌യു സമ്മേളനം നടക്കുന്ന മുല്ലയ്ക്കല്‍ പോപ്പി ഗ്രൗണ്ടിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടത്. അതിക്രമിച്ച് കയറിയവരെ തടയുന്നതിന് പകരം സ്ഥലത്തുണ്ടായിരുന്ന പൊലീസ് കെഎസ്‌യു പ്രവര്‍ത്തകരെയാണ് മര്‍ദ്ധിച്ചതെന്ന് നേതാക്കള്‍ ആരോപിച്ചു.

പൊലീസിന്റെ മര്‍ദ്ദനത്തില്‍ ഇടുക്കിയില്‍ നിന്നും വന്ന രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ സമ്മേളന സ്ഥലത്ത് നിന്നും പോകാനൊരുങ്ങിയ കൊച്ചി മുന്‍മേയര്‍ ടോണി ചമ്മണിയെ ബിജെപി-ബിഎംഎസ്പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും ഡ്രൈവര്‍ ബിജുവിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥക്ക് അയവ് വന്നെങ്കിലും സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ പലസ്ഥലങ്ങളിലായി രാത്രിയും സംഘടിച്ച് നില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിയുമായി സംസാരിക്കുകയും കെഎസ്‌യു പ്രവര്‍ത്തകരെത്തിയ വാഹനങ്ങള്‍ സമ്മേളന നഗരിയിലെത്തിച്ച് വിവിധ ജില്ലകളില്‍ നിന്നും എത്തിയവരെ തിരിച്ചയക്കുകയുമായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറ് മണിമുതല്‍ ഉച്ചക്ക് ഒരുമണിവരെ ആലപ്പുഴ പട്ടണത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുണ്ട്.

SHARE