കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയില്‍ കതിരൂര്‍ മനോജ് വധക്കേസ് നടത്താന്‍ സി.പി.എം ഫണ്ടു പിരിവ് തുടങ്ങി. സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെട്ട കേസിലാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഫണ്ട് പിരിക്കുന്നത്.

ഷുഹൈബ് വധക്കേസില്‍ നാട് വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് യു.എ.പി.എ കേസ് ഫണ്ട് എന്നപേരില്‍ സി.പി.എം രണ്ടു കോടി രൂപ പിരിക്കുന്നത്. രണ്ടു ദിവസം കൂടി പരിവ് നടക്കും. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലുമെത്തിയാണ് ഫണ്ട് പിരിവ്. ജില്ലാ സെക്രട്ടറി പിജയരാജന്റെ നേതൃത്വത്തിലാണ് ഫണ്ട് പിരിവ് നടത്തുന്നത്. ഷുഹൈബിന്റെ കൊലപാതകത്തില്‍ ജില്ലയിലെ ജനങ്ങള്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് മട്ടന്നൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഫണ്ട് പിരിക്കുന്നത്.

മനോജ് വധക്കേസ് സി.ബി.ഐ കോടതിയില്‍ വിചാരണ ആരംഭിച്ച ഘട്ടത്തിലാണ് ഫണ്ട് പിരിക്കുന്നത്. പി.ജയരാജന്‍ ഉള്‍പ്പെടെ 25 പ്രതികളാണുള്ളത് . 15 ഓളം പ്രതികള്‍ വിചാരണ തടവുകാരായി ജയിലിലാണ്. ഇതു പാര്‍ട്ടിക്കു വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. 40 മാസത്തോളമായി ജയിലില്‍ കഴിയുന്നവരുടെ കുടുംബ കാര്യങ്ങള്‍ പാര്‍ട്ടിയാണ്‌നോക്കുന്നത്. പലകേസുകളിലും സി.പി.എം ഫണ്ട് പിരിവ് നടത്താറുണ്ടെങ്കിലും ജില്ലാ സെക്രട്ടറി ഉള്‍പ്പെട്ട കേസ് എന്നനിലയിലാണ് ഭീമമായ തുക ലക്ഷ്യം വെക്കുന്നത്.