Connect with us

Video Stories

വിഴിഞ്ഞത്തെ കപ്പലിന് തുരങ്കം പണിയരുത്

Published

on

വെടക്കാക്കി തനിക്കാക്കുക എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ കേരളത്തിന്റെ ചരിത്രത്തിലിടം നേടുന്ന ഒരു വന്‍ വികസന പദ്ധതിയുടെ കാര്യത്തില്‍ തനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ട എന്ന നയം ചിലര്‍ സ്വീകരിച്ചിരിക്കുന്നുവെന്നത് ആത്മഹത്യാപരം തന്നെ. തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണ കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ദോഷകരവും കരാറുകാരായ അദാനി ഗ്രൂപ്പിന് വന്‍ ലാഭവും ഉണ്ടാകുമെന്ന തരത്തിലുള്ള കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ജനറലിന്റെ റിപ്പോര്‍ട്ട് ഉയര്‍ത്തിവിട്ടിട്ടുള്ള പുകമറ പദ്ധതിയെ കരിനിഴലിലാക്കിയിരിക്കുകയാണിപ്പോള്‍. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയ പിശകുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണമെന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രായോഗികതയിലൂന്നിയുള്ള തീരുമാനമാണെന്നതില്‍ സംശയമില്ല. അതേസമയം മുന്‍മുഖ്യമന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദനെ പോലുള്ളവര്‍ പദ്ധതി ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത് സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യം സംരക്ഷിക്കുന്നതിനാണോ എന്ന ചോദ്യവും ഉയര്‍ത്തുന്നു.

2017 മെയ് 23ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ വെച്ച സി.എ.ജി റിപ്പോര്‍ട്ടിലാണ് വിഴിഞ്ഞം പദ്ധതി കേരളത്തിന് നഷ്ടമുണ്ടാക്കുമെന്ന് പറഞ്ഞിരിക്കുന്നത്. കരാര്‍ നടപ്പിലാകുമ്പോള്‍ കേരളത്തിന് വന്‍ നഷ്ടം വരുത്തുമെന്ന സി.ആന്റ് എ.ജി യുടെ നിഗമനം ശരിയെന്ന് സര്‍ക്കാരിന് തോന്നുന്നെങ്കില്‍ കരാര്‍ പിന്‍വലിക്കട്ടെ എന്നാണ് കെ.പി.സി. സി രാഷ്ട്രീയകാര്യസമിതി യോഗം മുന്നോട്ടുവെച്ചിരിക്കുന്ന നിലപാട്. ഈ വെല്ലുവിളി സ്വീകരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അഴിമതിയുടെ പുകമറ സൃഷ്ടിക്കുകയും പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയും ചെയ്യരുതെന്നാണ് കെ.പി. സി.സി പ്രസിഡണ്ട് എം.എം ഹസന്‍ വ്യക്തമാക്കിയിരിക്കുന്നത്.
അപാരമായ സാമ്പത്തിക സാധ്യതകളും ഒപ്പം കടുത്ത വെല്ലുവിളികളും നേരിടുന്ന മേഖലയാണ് തുറമുഖ വ്യവസായ മേഖല. ആഗോളവത്കരണ കാലത്ത് ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലവസരവും സമ്പദ് വ്യവസ്ഥക്ക് സജീവതയും തരുന്നതാണ് ചരക്കുകയറ്റിറക്കുമതി മേഖല. തമിഴ്‌നാടിന്റെ കുളച്ചല്‍, ശ്രീലങ്കയുടെ കൊളംബോ തുറമുഖങ്ങള്‍ വിഴിഞ്ഞത്തിന് വെല്ലുവിളിയാണ്. വിഴിഞ്ഞത്ത് കഴിഞ്ഞ നാലു ശ്രമങ്ങള്‍ പരാജയപ്പെട്ടിടത്താണ് പുതിയ കരാറുണ്ടാക്കി നിര്‍മാണം തുടങ്ങാന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞത്. ഇതിലുള്ള അസൂയയാണ് അഴിമതി ആരോപണത്തിന്റെ രൂപത്തില്‍ പുറത്തുവന്നത്. സി.എ.ജി റിപ്പോര്‍ട്ടിലെ കണ്‍സള്‍ട്ടന്‍സി ആയിരുന്ന വ്യക്തി കരാറിനെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്തയാളാണ് എന്നതും റിപ്പോര്‍ട്ടിന്റെ പക്ഷപാതിത്വത്തില്‍ സംശയം ജനിപ്പിക്കുന്നു. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കരാറിന് ശ്രമമുണ്ടായെങ്കിലും ഇപ്പോഴത്തേതിന്റെ ഇരട്ടിയോളം ചെലവ് സംസ്ഥാനത്തിന് വഹിക്കേണ്ടിവരുമെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് അത് റദ്ദായത്. ഒടുവില്‍ നിരവധി കടമ്പകള്‍ മറികടന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെയും പ്രത്യേകിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പരിശ്രമഫലമാണ് പുതിയ കരാര്‍ യാഥാര്‍ഥ്യമാകുന്നത്. ആഗോള ടെണ്ടറും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ കൂലങ്കഷമായ പരിശോധനകളും കഴിഞ്ഞാണ് 2015 ഓഗസ്റ്റില്‍ 7525 കോടിയുടെ കരാര്‍ ഒപ്പുവെച്ചത്. ഗുജറാത്ത് വ്യവസായി അദാനിക്കാണ് നിര്‍മാണ ചുമതല. തുറമുഖ വ്യവസായത്തിലെ അദാനി ഗ്രൂപ്പിന്റെ പരിചയ സമ്പത്തായിരുന്നു കരാറിന്റെ ഒരുഘടകം.
കരാര്‍ കാലാവധി മുപ്പതു വര്‍ഷവും പിന്നീട് നാല്‍പതു വര്‍ഷവുമായി നീട്ടിയതാണ് നഷ്ടകാരണമായി സി.എ.ജി റിപ്പോര്‍ട്ട് ആരോപിക്കുന്നത്. ഇത് അടിസ്ഥാനരഹിതമാണ്. പദ്ധതിവഴി ലഭിക്കുന്ന വരുമാനത്തിന്റെ നാല്‍പതു ശതമാനം തുക കേരളത്തിനുള്ളതാണ്. പ്രതിവര്‍ഷം പന്ത്രണ്ട് ലക്ഷത്തോളം കണ്ടെയ്‌നറുകള്‍ക്ക് വരാനുള്ള ശേഷി വിഴിഞ്ഞത്തിനുണ്ടാകും. യൂസര്‍ഫീ കരാറുകാരന് പിരിക്കാമെന്ന ആരോപണവും കഴമ്പില്ലാത്തതാണെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടുന്നു. ഏത് അന്വേഷണത്തിനും തയ്യാറാണെന്ന അദ്ദേഹത്തിന്റെ നിലപാട് മടിയില്‍ കനമില്ലെന്നതിന്റെ സൂചനയാണ്. ഹൈക്കോടതി റിട്ട. ജഡ്ജി സി.എന്‍ രാമചന്ദ്രന്‍ അടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. ആയിരം ദിവസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയുടെ വാര്‍ഫ് നിര്‍മാണം പുരോഗമിച്ചുവരവെ പദ്ധതിക്ക് ഇടങ്കോലിടുന്നതിനെ ഒരുനിലക്കും ന്യായീകരിക്കാനാവില്ല. വിഭാവനം ചെയ്തതുപോലെ കാല്‍നൂറ്റാണ്ടുമുമ്പ് പദ്ധതി യാഥാര്‍ഥ്യമായിരുന്നെങ്കില്‍ മറ്റിടങ്ങളിലേക്ക് പോയ കോടിക്കണക്കിന് രൂപയുടെ ഗുണഫലം മലയാളിക്ക് കരഗതമാകുമായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും ഇതിനെ പാരവെച്ചവരില്‍ അന്യസംസ്ഥാനത്തും അന്യരാജ്യത്തുമുള്ള ലോബികള്‍ മാത്രമല്ല ഉണ്ടായിരുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് കേരളം വലിയതോതിലുള്ള വികസനക്കുതിപ്പിന് സാക്ഷ്യം വഹിച്ചത്. കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം എന്നിവയും കെ. കരുണാകരന്റെ കാലത്തെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളവുമൊക്കെ യു.ഡി.എഫ് സര്‍ക്കാരുകളുടെ ഇച്ഛാശക്തിയുടെ നിദര്‍ശനങ്ങളായിരുന്നെങ്കില്‍ പ്രതിലോമകരമായ നയങ്ങള്‍കൊണ്ട് ഉള്ള വികസനത്തെ നശിപ്പിക്കുന്നതായിരുന്നു ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്ത് കേരളം അനുഭവിച്ചത്. എന്നാല്‍ വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള സമീപനമാണ് പിണറായി സര്‍ക്കാരിന്റേത് എന്നു പറയാതെ വയ്യ. ഇതാകട്ടെ മലയാളികള്‍ക്കാകെ അഭിമാനകരവുമാണ്. കരാര്‍ തയ്യാറാക്കുന്ന കാലത്ത് ആറായിരംകോടിയുടെ അഴിമതി ആരോപണം ഉന്നയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പുതിയ സന്ദര്‍ഭത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് യു.ഡി.എഫ് സര്‍ക്കാരിന്റെ പരിശ്രമത്തിനുള്ള അംഗീകാരം കൂടിയാണ്്. ഇടുങ്ങിയ കക്ഷിരാഷ്ട്രീയവും വൈരനിരാതന ബുദ്ധിയും മാറ്റിവെച്ച് വികസനോന്മുഖമായ കേരളം കെട്ടിപ്പടുക്കാന്‍ എല്ലാവരും തയ്യാറാകുന്നുവെന്നതിന്റെ സൂചനയായി വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലുള്ള ഇടതുപക്ഷത്തിന്റെ പൊതു നിലപാടിനെ കണക്കാക്കാവുന്നതാണ്. നോക്കുകൂലിയുടെയും വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളുടെ അനാവശ്യസമരങ്ങളുടെയും കാര്യത്തില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് സി.പി.എമ്മിന്റെ പഴയകാല നിലപാടുകളോട് യോജിപ്പില്ല എന്നാണ് ഇതിനകം വ്യക്തമായിട്ടുള്ളത്. വിഴിഞ്ഞം കരാര്‍ റദ്ദാക്കണമെന്ന ആവശ്യത്തിന് പറ്റില്ലെന്ന് അറുത്തുമുറിച്ചുപറയാന്‍ തയ്യാറായ പിണറായി വിജയന്‍ തീര്‍ച്ചയായും കാലഘട്ടത്തിന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്നു വേണം അനുമാനിക്കാന്‍.

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending