കൊച്ചി: ശാരീരിക വൈകല്യങ്ങളോട് പടപൊരുതി മുന്നേറിയപ്പോഴും സര്‍ക്കാറിന്റെ സാങ്കേതികതയുടെ ന്യായീകരണത്തില്‍ പെട്ട് ഭാവി തുലാസിലായ ആസിമിന് രാഹുല്‍ ഗാന്ധിയുടെ സഹായ വാഗ്ദാനം. ജന്‍മനാ ഇരു കൈകളുമില്ലാത്ത ആസിമിന് ഒരു കാലിന് ശേഷിക്കുറവുണ്ട്. തന്റെ നാട്ടിലെ വെളിമണ്ണ എല്‍.പി സ്‌കൂളില്‍ നാല് വരെ പഠിച്ച ആസിമിന്റെ ആവശ്യപ്രകാരം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അത് യു.പി സ്‌കുളാക്കി ഉയര്‍ത്തുകയായിരുന്നു.

ഇപ്പോള്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് വെളിമണ്ണ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടുവെങ്കിലും അദ്ദേഹം അംഗീകരിച്ചില്ല. വിദ്യാഭ്യാസം തുടരാനുള്ള അടങ്ങാത്ത ആശയുമായാണ് ആസിം ഇന്ന് കൊച്ചിയിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ടത്. ആസിമിനെ എടുത്ത രാഹുല്‍ ഗാന്ധി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. രാഹുല്‍ ഗാന്ധി തന്റെ തുടര്‍വിദ്യാഭ്യാസത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ആസിം.