മിനിമം വരുമാനപദ്ധതി പ്രഖ്യാപിച്ച് രാഹുല്‍; വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ചില്ല

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്ന കാര്യത്തില്‍ പ്രതികരിക്കാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മിനിമം വരുമാനപദ്ധതിയുടെ വിശദാംശങ്ങള്‍ രാഹുല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും രാഹുല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

രാജ്യത്തെ പാവപ്പെട്ട കാര്‍ഷിക കുടുംബങ്ങള്‍ക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം നല്‍കുന്ന പദ്ധതിയാണെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ ഇരുപത് ശതമാനം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ തുക എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. ഇന്ത്യയിലെ ദാരിദ്രത്തെ നിര്‍മാര്‍ജ്ജനത്തെ നശിപ്പിക്കുന്നതിനുള്ള അവസാനത്തെ യുദ്ധമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഇതിഹാസ ദിനമാണ്. ലോകത്ത് ഒരിടത്തും സമാന രീതിയിലുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5 കോടി കുടുംബങ്ങളിലായി 25 കോടി പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് താന്‍ പ്രഖ്യാപിക്കുന്നത്. ഇതെങ്ങനെ സാധ്യമാകുമെന്ന് എല്ലാവര്‍ക്കും സന്ദേഹമുണ്ടാകും. എന്നാല്‍ ഓരോ ദിവസവും കോടിക്കണക്കിന് രൂപയാണ് ഓരോരുത്തരില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുക്കുന്നതെന്ന് നിങ്ങള്‍ മനസിലാക്കണം. എല്ലാവരുടെയും ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓരോ മാസവും പരമാവധി 12000 രൂപ എല്ലാവര്‍ക്കും വരുമാനം സര്‍ക്കാര്‍ ഉറപ്പാക്കും. ഇതില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. പ്രതിവര്‍ഷം 72000 രൂപ വരെ ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. പാവപ്പെട്ട 20 ശതമാനം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പതിയെ ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം. നരേന്ദ്ര മോദി ചിന്തിക്കുന്നത് പോലെ ദരിദ്രര്‍ക്കും പണക്കാര്‍ക്കും വേണ്ടി രണ്ട് ഇന്ത്യയെയല്ല കോണ്‍ഗ്രസ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. മറിച്ച് എല്ലാവര്‍ക്കും ഇടമുള്ള ഇന്ത്യയാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പദ്ധതിയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും താന്‍ പ്രതികരിക്കില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

പരമ്പരാഗത മണ്ഡലമായ അമേഠിക്കു പുറമെ ദക്ഷിണേന്ത്യയിലെ ഏതെങ്കിലുമൊരു മണ്ഡലത്തില്‍നിന്ന് രാഹുല്‍ ഇത്തവണ ജനവിധി തേടുമെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കര്‍ണാടക, തമിഴ്‌നാട്, കേരള പി.സി.സികള്‍ രാഹുലിനെ സ്ഥാനാര്‍ത്ഥിയാകാന്‍ ക്ഷണിച്ച് ഔദ്യോഗികമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ വയനാട്ടില്‍നിന്ന് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വന്‍ ആവേശത്തോടെയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വ നീക്കത്തെ വയനാട് കേരളം പൊതുവിലും വയനാട് മണ്ഡലം പ്രത്യേകിച്ചും സ്വാഗതം ചെയ്തത്. ഒപ്പം സി.പി.എം, ബി.ജെ.പി കേന്ദ്രങ്ങളില്‍ രാഹുലിന്റെ നീക്കം അങ്കലാപ്പ് സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ബിദാര്‍ മണ്ഡലമാണ് കര്‍ണാടക പി.സി.സി രാഹുലിനായി നിര്‍ദേശിച്ചിരുന്നത്. ശിവഗംഗ മണ്ഡലമാണ് തമിഴ്‌നാട് പി.സി.സി നിര്‍ദേശിച്ചത്. എന്നാല്‍ ദക്ഷിണേന്ത്യയുടെ ഏറ്റവും അറ്റത്തുള്ള സംസ്ഥാനം എന്ന നിലയില്‍ കേരളവും കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമാടി അതിര്‍ത്തി പങ്കിടുന്ന പ്രദേശം എന്ന നിലയിലും വയനാടും കോണ്‍ഗ്രസ് നേതൃത്വം രാഹുലിനായി പരിഗണിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.