ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 324 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോലി (31), അജിങ്ക്യ രഹാനെ (27) എന്നിവര്‍ പുറത്താകാതെ നില്‍ക്കെയാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. ആദ്യ മത്സരത്തില്‍ തന്നെ രണ്ടിന്നിങ്‌സിലും സെഞ്ച്വറിയടിച്ച രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിനു ചുക്കാന്‍ പിടിച്ചത്. ഇങ്ങനെ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും രോഹിത്് സ്വന്തമാക്കി. 395 റണ്‍സാണ് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം.

ആദ്യ ഇന്നിങ്‌സില്‍ നിര്‍ത്തിയിടത്തു നിന്നാണ് രോഹിത് തുടങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാള്‍ (7) വേഗം പുറത്തായതിനു ശേഷം ക്രീസില്‍ ഒത്തു ചേര്‍ന്ന രോഹിത്-പൂജാര കൂട്ടുകെട്ടാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ക്രീസിലുറച്ചു നിന്ന പൂജാര പ്രതിരോധത്തിലൂന്നിയാണ് ബാറ്റ് ചെയ്തതെങ്കിലും ടെസ്റ്റില്‍ ഓപ്പണറായി പ്രമോഷന്‍ കിട്ടിയ രോഹിത് ഏകദിന ശൈലിയില്‍ ബാറ്റ് വീശി. എത്രയും വേഗം റണ്‍ വാരിക്കൂട്ടി മറുപടി ബാറ്റിംഗിന് ദക്ഷിണാഫ്രിക്കയെ അയക്കുക എന്നലക്ഷ്യത്തില്‍ 72 പന്തുകളിലാണ് രോഹിത് അര്‍ധസെഞ്ചുറിയിലെത്തിയത്. 133 പന്തുകളില്‍ സെഞ്ച്വറി കടന്ന രോഹിത്, 149 പന്തുകള്‍ നീണ്ട ഇന്നിങ്‌സില്‍ 127 റണ്‍സ് നേടി. 10 ഫോറും ഏഴു പടുകൂറ്റന്‍ സിക്‌സറുകളും നിറം ചാര്‍ത്തിയ ഇന്നിങ്‌സിന് അവസാനമാകുമ്പോഴേക്കും ഇന്ത്യന്‍ ലീഡ് 300 കടന്നിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ചേതേശ്വര്‍ പൂജാര (81), രവീന്ദ്ര ജഡേജ (40), എന്നിവരും ഇന്ത്യക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജ് 2 വിക്കറ്റുകള്‍ നേടി. നേരത്തേ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് അശ്വിന്റെ 7 വിക്കറ്റ് മികവില്‍ 431 ല്‍ അവസാനിച്ചിരുന്നു.