കൊച്ചി: ഐഎസ്എല്‍ സെമിഫൈനലിനരികിലെത്തി നില്‍ക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണില്‍ തകര്‍ന്നിടത്തു നിന്നും തീര്‍ത്തും മാറിയ മഞ്ഞപ്പടയെയാണ് ഇത്തവണ കളത്തില്‍ കാണുന്നത്. കഴിഞ്ഞ തവണ ടീമിലെ അസ്വാരസ്യങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നുവെങ്കില്‍ ഇത്തവണ ശുഭ വാര്‍ത്തകള്‍ മാത്രമെ ബ്ലാസ്റ്റേഴ്‌സിന്റെ ഡ്രസിങ് റൂമില്‍ നിന്നുള്ളൂ.

താരങ്ങള്‍ക്കിടയിലെ മനപ്പൊരുത്തം കളിക്കളത്തിലും പ്രകടം. ഈ ഒരുമ വ്യക്തമാക്കുന്ന ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഹെയ്തി താരം ഡങ്കന്‍ മോസസ് നാസോണ്‍ ടീമിലെ മുസ്ലിം താരങ്ങള്‍ ഡ്രസിങ് റൂമില്‍ നമസ്‌കരിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വംശ വര്‍ഗ വര്‍ണ ഭേദമന്യേ ബ്ലാസ്റ്റേര്‍സ് ഒന്നാണെന്ന സന്ദേഷത്തോടെയാണ് നാസോണ്‍ ഫോട്ടോ ഷെയര്‍ ചെയ്്തിരിക്കുന്നത്. ഇന്ത്യക്കാര്‍ കറുപ്പ്, വൈറ്റ്, നീല, ചുവപ്പ് ഏതുമായിക്കൊള്ളട്ടെ, ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് ഒരുമിച്ചാണ് എന്ന അടിക്കുറിപ്പോടെയാണ് നാസോണ്‍ ഫോട്ടോ ഷെയര്‍ ചെയ്തത്.